പുനെ: ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് 23/03/21 ചൊവ്വാഴ്ച തുടക്കം. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ലോകേഷ് രാഹുലിനെ പുറത്തിരുത്തുമെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പറഞ്ഞു. പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം. എം.സി.എ. സ്റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി ബാറ്റ്സ്മാന്‍മാരെ പിന്തുണയ്ക്കുന്നതാണ്. ഇതുവരെ നാല് ഏകദിനങ്ങളാണ് ഇവിടെ നടന്നത്. മൂന്നുവട്ടവും സ്‌കോര്‍ 300 കടന്നിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളുടെ പരമ്പര കാണികളെ കൂടാതെയാണു നടക്കുക.
കൃണാല്‍ പാണ്ഡ്യയോ വാഷിങ്ടണ്‍ സുന്ദറോ രാഹുലിന്റെ സ്ഥാനത്തെത്തും. ടി. നടരാജനും ഭുവനേശ്വര്‍ കുമാറും ശാര്‍ദൂല്‍ ഠാക്കൂറുമാണു പേസര്‍മാര്‍. ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാലോ ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവോ ഇന്നു കളിക്കും. ഇംഗ്ലീഷ് നിരയില്‍ സാം ബില്ലിങ്സിന്റെ സാന്നിധ്യം കോഹ്ലിയെ അലട്ടുന്നുണ്ട്. ഏകദിനത്തിലെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണു ബില്ലിങ്സ്. അന്തിമ ഇലവനെ കുറിച്ചു കൂടുതല്‍ വ്യക്തമാക്കാന്‍ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗാന്‍ തയാറായില്ല.
സാധ്യതാ ടീം: ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി (നായകന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കൃണാല്‍ പാണ്ഡ്യ/വാഷിങ്ടണ്‍ സുന്ദര്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, യുസ്വേന്ദ്ര ചാഹാല്‍/കുല്‍ദീപ് യാദവ്, ടി. നടരാജന്‍.
സാധ്യതാ ടീം: ഇംഗ്ലണ്ട് – ജാസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ഒയിന്‍ മോര്‍ഗാന്‍ (നായകന്‍), ജോസ് ബട്ട്ലര്‍, സാം ബില്ലിങ്സ്, മൊയീന്‍ അലി/ ലിയാം ലിവിങ്സ്റ്റണ്‍, സാം കുറാന്‍/ ടോം കുറാന്‍, ആദില്‍ റഷീദ്, റീസ് ടോപ്ലെ, മാര്‍ക്ക് വുഡ്.

