ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 74 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന ഭേദഗതി ബില്‍ ലോക്‌സഭയും പാസാക്കി. ഈ മാസം 18ന് രാജ്യസഭ ബില്ല് പാസാക്കിയിരുന്നു. ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച മാറ്റമാണ് ഇതോടെ പൂര്‍ത്തിയായത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ബോര്‍ഡിലെ ഭൂരിഭാഗം ഡയറക്ടര്‍മാരും മാനേജ്മെന്റ് വിദഗ്ധരും ഇന്ത്യക്കാര്‍ തന്നെയായിരിക്കണമെന്ന് ബില്ല് നിഷ്‌കര്‍ഷിക്കുന്നുണ്ട്. കൂടാതെ ലാഭത്തിന്റെ നിശ്ചിത ശതമാനം പൊതുകരുതല്‍ ധനമായും നിലനിര്‍ത്തണം. 2015 ഫെബ്രുവരിയിലാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപപരിധി 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തിയത്. കോവിഡിനെ തുടര്‍ന്നു പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പുതിയ തീരുമാനം നേട്ടമാകുമെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍.