റവന്യൂ ഭൂമി കൈവശപ്പെടുത്താനുളള വനംവകുപ്പിന്‍റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

മറയൂര്‍: റവന്യൂ ഭൂമിയായ ആനക്കോട്ടപാര്‍ക്കില്‍ ഒരുവശത്തുളള വിനോദ സഞ്ചാരികളുടെ വിശ്രമസ്ഥലം വേലികെട്ടിത്തിരിക്കാനുളള വനംവകുപ്പിന്റെ ശ്രമം പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ കീഴാന്തൂര്‍ വില്ലേജില്‍പെട്ട റവന്യൂ ഭൂമിയായ ആനക്കോട്ട പാറയിലാണ് വനം വകുപ്പ് വേലികെട്ടിവരുന്നത്. ഈ പ്രദേശം വേലി കെട്ടി അടയ്ക്കുമ്പോള്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിശ്രമസ്ഥലം ഇല്ലാതെയാകും.

ഒരുവശത്തുളള വിശാലമായ പാറ പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് വനംവകുപ്പ് കൈവശപ്പെടുത്തുകയും വേലികെട്ടി തിരിക്കുകയും ചെയ്തിരുന്നു. ഇതിനുളളില്‍ 3000വര്‍ഷം പഴക്കമുളള മുനിയറകളുടെ അവശേഷിപ്പുകള്‍ ഉളളതിനാല്‍ ഇത് ആനക്കോട്ടപാര്‍ക്കെന്ന പേരില്‍ ഇക്കോഷോപ്പും സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. ഇതിനുളളില്‍ പ്രവേശിക്കാന്‍ ഒരാള്‍ക്ക് 15 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ റോഡിന്റെ മറ്റൊരു വശമാണ് ഇപ്പോള്‍ വേലികെട്ടി അടയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതോടെ മേഖലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പൂര്‍ണമായുംസ്വാതന്ത്ര്യം നഷ്ടപ്പെടും. ഇവിടെക്ഷേത്രവും സമീപത്ത് ശ്മശാനവും ഉണ്ട്.

കൂടാതെ സ്‌റ്റേഡിയം നിര്‍മ്മിക്കാനും കാന്തല്ലൂര്‍ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനാല്‍ റവന്യൂ വകുപ്പിന്റെ ഭൂമി കൈവശപ്പെടുത്താന്‍ അനുവദിക്കില്ലെന്ന പറഞ്ഞാണ് പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് വനം വകുപ്പിന്റെ ശ്രമം തഞ്ഞത്. സാന്‍ഡല്‍ റിസര്‍വായി നോട്ടിഫിക്കേഷന്‍ ചെയ്ത സ്ഥലം നിലവില്‍ ചന്ദന സംരക്ഷണത്തിനുളള വേലിയാണ് നിര്‍മ്മിക്കുന്നതെന്ന് മറയൂര്‍ ഡിഎഫ്ഒ ബി. രഞ്ജിത് പറഞ്ഞു. എന്നാല്‍ ചന്ദന സംരക്ഷണത്തിന്റെ പേരില്‍ പലസ്ഥലങ്ങളിലും വനം വകുപ്പ കയ്യേറി നിര്‍മ്മാണ നടത്തിയിട്ടുണ്ടെന്നും ഇനി റവന്യൂ ഭൂമി കയ്യേറാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും പഞ്ചായത്ത് പ്രതിനിധികള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →