വടക്കഞ്ചേരി: റബര്‍കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍ തീറ്റപ്പുല്‍ കൃഷിയിലേക്ക് കടക്കുന്നു. ഫാമുകളിലേക്ക് വലിയതോതില്‍ ഇത്തരം പുല്ലിന് ഡിമാന്റ് വരുന്നതാണ് പലരും റബര്‍ ഉപേക്ഷിച്ച് തീറ്റപ്പുല്‍ കൃഷിയിലേക്ക് കടക്കാന്‍ കാരണം. ചിറ്റടിയില്‍ പിജെയുടെ തോട്ടത്തിലും റബറിനെ പിന്തളളി പുല്‍കൃഷി സ്ഥാനം പിടിച്ചു. സ്വന്തമായി ഫാം നടത്തുന്നവരും ഇപ്പോള്‍ വലിയ തോതില്‍ പുല്‍കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
സ്ഥലവും അനുബന്ധ സൗകര്യങ്ങളും ഒത്തുകിട്ടുകയാണെങ്കില്‍ തീറ്റപ്പുല്‍ കൃഷി ലാഭകരമാണെന്ന് വാല്‍ക്കുളമ്പ് കണ്ണംകുളം പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് സ്ഥലത്ത് കൃഷി നടത്തുന്ന ജെയിംസ് പറഞ്ഞു. കൃഷി ലാഭകരമാക്കണമെങ്കില്‍ വിപണിയും ഒരു പ്രധാന ഘടകമാണ്. വിപണി നോക്കിവേണം കൃഷി ആരംഭിക്കാന്‍ 60 ദിവസം മുതല്‍ 80 ദിവസത്തിനുളളില്‍ പുല്ല് മുറിച്ചടുത്ത് വില്‍പ്പന നടത്താന്‍ കഴിഞ്ഞിരിക്കണം. ഒരുമൂട് പുല്ലില്‍ നിന്നും 25 കിലോ മുതല്‍ 35 കിലോ വരെ പുല്ല് കിട്ടും. ഒരേക്കര്‍ സ്ഥലത്തുനിന്ന് 60 ടണ്‍വരെ പുല്ലു ലഭിക്കുമെന്നാണ് കണക്ക്.
15 അടിവരെ ഉയരത്തില്‍ പുല്ല വളരും. കിലോയ്ക്ക 5 രൂപയാണ് ഇപ്പോള്‍ വില. കട്ട് ചെയ്ത പുല്ലാണെങ്കില്‍ 6 രൂപ കിട്ടും. ചാലക്കുടിയിലെ ഫാമുകളിലേക്കാണ് ഇപ്പോള്‍ പുല്ല് കൂടുതലായും കയറി പോകുന്നത്. വിലകൂടിയ കാലിത്തീറ്റ കുറച്ച് പുല്ല് കൊടുക്കുമ്പോള്‍ പശുക്കള്‍ക്ക് പാലുല്‍പാദനം കൂടുകയും ചെയ്യും.
പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ ധാരാളമുണ്ട് . നല്ല ഭൂമിയാണെങ്കില്‍ ഏക്കറിന് 20,000രൂപ വരെ പാട്ടം കൊടുക്കണം. തമിഴ്‌നാട്ടില്‍ നിന്നാണ് പുല്ലിന്റെ വിത്ത് ലഭിക്കുന്നത്. പുല്‍കൃഷി വ്യാപകമാകുന്നതോടെ വേനലില്‍ ഉണ്ടാകുന്ന ഉണക്കിനും കുറവുണ്ട്.

