ഒമ്പത്‌ ദിവസം തുടര്‍ച്ചയായി പിണറായി സ്വന്തം മണ്ഡലത്തില്‍

ധര്‍മ്മടം; പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മ്മടത്ത്‌ ആദ്യഘട്ട പ്രചരണം 16.03.2021 ചൊവ്വാഴ്ച അവസാനിക്കും. കഴിഞ്ഞ എട്ടിന്‌ കണ്ണൂര്‍ വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോമീറ്റര്‍ ദൂരം റോഡ്‌ ഷോ നടത്തിയാണ്‌ പിണറായി മണ്ഡലത്തിലെത്തിയത്‌. പതിവിന്‌ വിരുദ്ധമായിപാര്‍ട്ടിയുടെ പ്രഖ്യാപനത്തിന്‌ കാത്തുനില്‍ക്കാതെ പ്രഖ്യാപനത്തിന്‌ മുമ്പുതന്നെ തെരഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിക്കുകയായിരുന്നു. തുടര്‍ച്ചയായ 9 ദിവസമാണ്‌ അദ്ദേഹം മണ്ഡലത്തില്‍ ചെലവഴിച്ചത്‌.

ജന്മനാടായ പിണറായിയില്‍ നല്‍കിയ സ്വീകരണത്തിലാണ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പിണറായി ഇത്തവണ ആദ്യമായി പ്രസംഗിച്ചത്‌. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ഒന്നാംഘട്ട പ്രചരണം. മണ്ഡല പര്യടനത്തിന്‌ തുടക്കം കുറിച്ച കോമത്ത്‌ കുന്നമ്പ്രത്ത്‌ പിണറായി വിജയന്‍ പ്രസംഗിച്ചതൊക്കെയും സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളായിരുന്നു. അഞ്ചരകണ്ടി ഏരിയയിലെ എട്ടുകേന്ദ്രങ്ങളിലെ പ്രചരണ യോഗങ്ങളിലാണ്‌ പിണറായി വിജയന്‍ ആദ്യ ദിനം പങ്കെടുത്തത്‌. പ്രചരണത്തിലെവിടെയും അദ്ദേഹം സ്വര്‍ണക്കടത്ത്‌ , ശബരിമല വിഷയങ്ങൾ പരാമര്‍ശിച്ചതേയില്ല എന്നത്‌ ശ്രദ്ധേയമാണ്‌. പ്രതിപക്ഷത്തിന്‍റെ അഴിമതി ആരോപണങ്ങളോടും അദ്ദേഹം മൗനം പാലിച്ചു. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ്‌ പിണറായി വിജയന്‍ ഒന്നാംഘട്ട പ്രചരണത്തിലുടനീളം ശ്രമിച്ചത്‌.

കഴിഞ്ഞ ഏഴുദിവസവും രാവിലെ പത്തിന്‌ തുടങ്ങി വൈകുന്നേരം അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ്‌ പരിപാടികള്‍ ക്രമീകരിച്ചിരുന്നത്‌. ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച പിണറായി നാളെ മുതല്‍ മറ്റുജില്ലകളിലേക്ക്‌ പ്രചരണ പരിപാടികള്‍ക്ക്‌ പോകും. നാളെ വയനാട്ടിലാണ്‌ പ്രചരണം. തുടര്‍ന്ന്‌ മറ്റ് പ്രദേശങ്ങളിലേക്ക്‌ പോകുന്ന അദ്ദേഹം വീണ്ടും 30 ന്‌ കണ്ണൂര്‍ ജില്ലയിലെത്തും. 31 മുതല്‍ ധര്‍മ്മടത്ത്‌ സജീവമാകും.

കോവിഡ്‌ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ്‌ അദ്ദേഹത്തിന്‍റെ പ്രചരണ പരിപാടികള്‍ നടക്കുന്നത്‌. പ്രസംഗിക്കുമ്പോള്‍ മാത്രമാണ്‌ മാസ്‌ക്ക്‌ മാറ്റുന്നത്‌. നാട്ടുകാര്‍ക്ക്‌ കൈകൊടുക്കുക ചുറ്റും ആളെ കൂട്ടുക തുടങ്ങിയ പരിപാടികളൊന്നും ഇല്ലതെയാണ്‌ പരിപാടി. സമയകൃത്യത പാലിച്ച്‌ രാവിലെ 10 ന്‌ തുടങ്ങുന്ന പരിപാടി കൃത്യം അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ്‌ പരിപാടികളുടെ ക്രമീകരണം.

ഇന്നലെ രാവിലെ 11 മണിയോടെ ധര്‍മ്മടം നിയോജക മണ്ഡലം വരണാധികാരിയും അസി. ഡവലപ്പ്‌മെന്‍റ് ‌ കമ്മീഷണറുമായ ബെബിന്‍ ജോണ്‍ വര്‍ഗീസ്‌ മുമ്പാകെയാണ്‌ പത്രിക സമര്‍പ്പിച്ചത്‌. രണ്ട്‌ സെറ്റ്‌ പത്രികയാണ്‌ സമര്‍പ്പിച്ചത്‌. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിധി ബി ബാലന്‍, സിപിഐ നേതാവ്‌ സിഎം ചന്ദ്രന്‍, എന്നിവര്‍ പിന്താങ്ങി . സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ്‌ മുഖ്യമന്ത്രി വരണാധികാരിയുടെ ഓഫീസിലെത്തിയത്‌.

51.95 ലക്ഷം രൂപയുടെ സ്വത്താണുളളത്‌. കൈവശം 10,000രൂപയുണ്ട്‌. കൂടാതെ എസ്‌ബിഐ തലശേരി ബ്രാഞ്ചില്‍ 78048.51രൂപയും പിണറായി കോ ഓപ്പറേറ്റീവ്‌ ബാങ്കില്‍ 5400രൂപയും നിക്ഷേപമായുണ്ട്‌. മലയാളം കമ്യൂണിക്കേഷനില്‍ 10000രൂപയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെയും പിണറായി ഇന്‍ഡസ്‌ട്ര്യല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയില്‍ 100 രൂപയുടെയും കിയാലില്‍ ഒരു ലക്ഷത്തിന്റെയും ഷെയറുണ്ട്‌. പിണറായിയില്‍ 58 സെന്‍റ് സ്ഥലവും പാതിരയാട്‌ 20 സെന്‍റ് ‌ സ്ഥലവും ഉണ്ട്‌.

ഭാര്യ കമലയുടെ കൈവശം 2000രുപയും , തലശേരി എസ്‌ബിഐ ബ്രാഞ്ചില്‍ 5,47,803 രൂപ രൂപയും, തിരുവനന്തപുരം എസ്‌ബിഐല്‍ 32,264 രൂപയും, മാടായി കോ-ഓപ്പറേറ്റീവ്‌ ബാങ്കില്‍ 3,58,336 രൂപയും മൗവ്വഞ്ചേരി കോഓപ്പറേറ്റീവ്‌ ബാങ്കില്‍ ഫിക്‌സഡ്‌ ഡെപ്പോസിറ്റായി വിവിധ അക്കൗണ്ടുകളിലായി 2,52,664 രൂപ ,7,61,250 രൂപ, 1,85,000രൂപ പിണറായി സര്‍വീസ്‌ സഹകരണ ബാങ്കില്‍ എസ്‌ബി അക്കൗണ്ടില്‍ 176 രൂപയും നിക്ഷേപമായുണ്ട്‌. പിണറായി പോസറ്റ്‌ ഓഫീസില്‍ 1,23,000 രൂപയും, 21,000രൂപയും കമലക്കുണ്ട്‌. കമലയുടെ പേരില്‍ കണ്ണൂക്കരയില്‍ 17.5 സെന്‍റ് ‌ സ്ഥലവും ഉണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →