ന്യൂഡല്‍ഹി: ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഫെന്‍സിങ് താരമെന്ന നേട്ടവുമായി തമിഴ്നാടിന്റെ ഭവാനി ദേവി. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജു ട്വിറ്ററിലൂടെയാണു ഭവാനി ദേവി ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടിയ വാര്‍ത്ത പുറത്തുവിട്ടത്. തലശേരിയിലെയും ചെന്നൈയിലെയും ഫെന്‍സിങ് ക്യാമ്പുകളിലും കോച്ച് നികോള സനോറ്റിയുടെ കീഴില്‍ ഇറ്റലിയിലെ ലിവോര്‍നോയിലും പരിശീലനം നടത്തിവരികയാണ്. 27 വയസുകാരിയായ ഭവാനി അഡ്ജസ്റ്റഡ് ഒഫീഷ്യല്‍ റാങ്കിങ് അടിസ്ഥാനത്തിലാണു യോഗ്യത ഉറപ്പാക്കിയത്.
വ്യക്തിഗത സാബ്രേ ഇനം ലോക റാങ്കിങ്ങില്‍ 45-ാം സ്ഥാനക്കാരിയാണ്. ഹംഗറിയില്‍ നടന്ന ലോകകപ്പില്‍ ഇടംപിടിച്ചതോടെയാണ് ഭവാനി യോഗ്യത നേടിയത്. ഹംഗറി ടീം ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റിരുന്നു. ദക്ഷിണ കൊറിയ സെമി ഫൈനലിലും കടന്നു. ഒളിമ്പിക്സിന് ഏഷ്യാ-ഓഷ്യാനിയ മേഖലയില്‍നിന്നു രണ്ടു പേര്‍ക്കു മത്സരിക്കാം. അടുത്ത മാസം അഞ്ചിന് റാങ്കിങ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമ്പോള്‍ താരത്തിന് ഒളിമ്പിക് എന്‍ട്രി ലഭിക്കും. 45ാം സ്ഥാനത്തെത്തിയതോടെ ഭവാനി യോഗ്യത ഉറപ്പാക്കി. എട്ടു തവണ ദേശീയ ചാമ്പ്യനായ ഭവാനി 2016 ലെ റിയോ ഒളിമ്പിക്സിനു യോഗ്യത നേടാന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു.