എറണാകുളം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നടപ്പിലാക്കിയ ഹരിത പ്രോട്ടോകോൾ നിയസഭാ തിരഞ്ഞെടുപ്പിലും ശക്തമാക്കി ശുചിത്വമിഷൻ. മാലിന്യരഹിതമായതും ജനങ്ങൾക്കും പ്രകൃതിക്കും ദോഷം വരുത്താത്തതുമായ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് മിഷൻ്റെ പ്രവർത്തനങ്ങൾ. ഓരോ തവണയും ആയിരക്കണക്കിന് ടൺ മാലിന്യമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പോളിങ്ങിനും ശേഷം ബാക്കിയാകുന്നത്. ഇവയുടെ അളവ് പരമാവധി കുറക്കുക എന്നതോടൊപ്പം ഉല്പാദിപ്പിക്കപ്പെട്ട മാലിന്യത്തെ ശാസ്ത്രീയമായി സംസ്കരിക്കുക എന്ന ലക്ഷ്യവും ശുചിത്വ മിഷനും ഹരിത കേരളം മിഷനും മുന്നോട്ടു വെക്കുന്നു.
പി.വി.സി. ഫ്ളക്സ് , പ്ലാസ്റ്റിക് എന്നിവക്ക് വിലക്ക്
പി.വി.സി. ഫ്ളക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ എന്നിവ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി. പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ, പോളിസ്റ്റർ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിൻറെ അംശമോ, പ്ലാസ്റ്റിക് കൊട്ടിങ്ങോ ഉള്ള പുനഃ ചംക്രമണ സാധ്യമല്ലാത്ത ബാനർ, ബോർഡുകൾ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കേണ്ടതാണ്. ഇവയുടെ ഉപയോഗം കണ്ടെത്തിയാൽ പൊതുജനങ്ങ്ൾക്ക് സി.വിജിൽ ആപ്പ് വഴി പരാതി നൽകാവുന്നതാണ്. ഇവ നീക്കം ചെയ്യുകയും ആയതിന്റെ ചെലവ് അതാതു പാർട്ടികളിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നതായിരിക്കും.
പരിസ്ഥിതി സൗഹൃദമായവയെ പ്രോത്സാഹിപ്പിക്കാം
100 ശതമാനം കോട്ടൺ ഉപയോഗിച്ച് നിർമ്മിച്ച തുണി, പേപ്പർ . പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ – പുനഃ ചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ,ബോർഡുകളോ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ. ഇത്തരം മെറ്റീരിയൽ പ്രിൻറ് ചെയ്യുമ്പോൾ റീ സൈക്ലബിൾ, പി.വി.സി. ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും, പ്രിൻറ് ചെയ്യുന്ന സ്ഥാപനത്തിൻറെ പേരും, പ്രിൻറിംഗ് നമ്പറും നിർബന്ധമായും പ്രചാരണ സാമഗ്രികളിൽ ഉൾപ്പെടുത്തേണ്ടതാണ്. തിരഞ്ഞെടുപ്പ് പര്യടന വേളയിൽ അലങ്കാരങ്ങൾക്കായി പരമ്പരാഗത പ്രകൃതി സൗഹൃദ വസ്തുക്കളായ മുള,ഓല ,പനമ്പ്, വാഴയില മുതലായവ പ്രോത്സാഹിപ്പിക്കണം.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാലിന്യം കൈമാറാം
തിരഞ്ഞെടുപ്പിന് ശേഷം ബാക്കിയാകുന്ന മുഴുവൻ പുനഃ ചംക്രമണ – പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികൾ അതാതു രാഷ്ട്രീയ പാർട്ടികൾ ശേഖരിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ സേന മുഖേന സർക്കാർ കമ്പനിയായ ക്ളീൻ കേരള കമ്പനി ലിമിറ്റഡിന് കൈമാറേണ്ടതാണ്. അലക്ഷ്യമായി വലിച്ചെറിയുകയോ,കത്തിക്കുകയോ, ചെയ്യാൻ പാടുള്ളതല്ല.
പോളിംഗ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ടതുണ്ട്.
പോളിങ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഗ്രീൻ പ്രോട്ടോകാൾ സംബന്ധിച്ച് ബോധവത്കരണം നടത്തേണ്ടതാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ബയോ മെഡിക്കൽ മാലിന്യം പ്രത്യേകം ശേഖരിക്കാനും സംസാരിക്കാനും സംവിധാനം ഒരുക്കേണ്ടതുണ്ട്.
വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ
ഹരിത തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലേക്കും സ്ഥാനാർഥികളിക്കും ഒരുപോലെ എത്തിയ്ക്കാൻ വിവിധ ബോധവൽക്കരണ പരിപാടികൾ ശുചിത്വ മിഷനും ഹരിത കേരളം മിഷനും ഇതോടൊപ്പം ആവിഷ്കരിച്ചു കഴിഞ്ഞു. ഹരിത സന്ദേശവുമായി ഓട്ടൻതുള്ളൽ കലാരൂപം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. സ്ഥാനാർത്ഥികൾക്കുള്ള യോഗങ്ങളിൽ ഹരിത പ്രോട്ടോകോൾ വിശദീകരിക്കുകയും കൈപുസ്തകങ്ങകളും ലഘുലേഖകളും വിതരണം ചെയ്യും. നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തി ഹരിത വോളന്റിയര്മാരുടെ സേവനവും ബൂത്ത് തലങ്ങളിൽ ലഭ്യമാക്കും. സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യേക ഹരിത സന്ദേശ വിഡിയോകൾ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.
ഹരിത സ്ഥാനാർത്ഥികൾക്ക് അവാർഡ്
തിരഞ്ഞെടുപ്പ് പ്രചാരണം പ്രകൃതി സൗഹൃദവും മാലിന്യ രഹിതവുമായി നടപ്പിക്കുന്ന സ്ഥാർത്ഥികൾക്കു ഇത്തവണ ശുചിത്വ മിഷൻ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രചാരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ, മാലിന്യം തരം തിരിച്ചു ശേഖരിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങൾ, പ്രകടന പത്രികയിൽ മാലിന്യ നിർമാർജ്ജനത്തിനായി നൽകിയ പ്രധാന്യം തുടങ്ങിയ കണക്കിലെടുത്താകും അവാർഡുകൾ തീരുമാനിക്കുക. കൂടുതൽ വിവരങ്ങൾക്കായി tscekm@gmail.com. ൽ ബന്ധപ്പെടണം.