കുറ്റ്യാടിയിൽ രണ്ടില തന്നെയെന്ന സൂചന നൽകി ജോസ് കെ മാണി

കോഴിക്കോട്: കുറ്റ്യാടി സീറ്റില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന സൂചന നൽകി ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് മത്സരിക്കുകയാണെങ്കില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് 12/03/21 വെള്ളിയാഴ്ച ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

‘നേതൃത്വത്തിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ഈ സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കില്ലല്ലോ. കുറ്റ്യാടിയില്‍ പ്രദേശിക നേതൃത്വവുമായി സംസാരിക്കുകയാണ്. പ്രശ്‌ന പരിഹരമുണ്ടായാല്‍ സ്ഥാനാര്‍ത്ഥി ഇഖ്ബാല്‍ തന്നെയായിരിക്കും.’ എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായതോടെയാണ് പ്രദേശിക തലത്തില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നത്. സിപിഐഎം ഏരിയാ കമ്മിറ്റി അംഗം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആവശ്യം ഉയര്‍ത്തി കുറ്റ്യാടി ടൗണില്‍ പ്രതിഷേധ പ്രകടനം ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കുറ്റ്യാടി സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായില്ല. കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുന്ന മറ്റ് 12 സീറ്റിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കുറ്റ്യാടി സീറ്റ് ഒഴിച്ചിടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →