കോഴിക്കോട്: വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെകെ രമ മത്സരിക്കും. യുഡിഎഫ് പിന്തുണയോടെയാകും കെകെ രമ മണ്ഡലത്തില്‍ ജനവിധി തേടുക. രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന് യുഡിഎഫ് നേരത്തെ അറിയിച്ചിരുന്നു. രമ മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ എന്‍ വേണുവിന്റെ പേരായിരുന്നു മണ്ഡലത്തില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ വേണു മത്സരിക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. വടകരയില്‍ ആര്‍എംപി മത്സരിക്കണമെന്ന് തന്നെയാണ് എംപി മുരളീധരന്റെയടക്കം താല്‍പര്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെകെ രമയായിരുന്നു സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.
ജെഡിയുവിനായിരുന്നു യുഡിഎഫ് വടകര സീറ്റ് നല്‍കിയിരുന്നത്. ജെഡിയു മുന്നണി വിട്ടത് ആര്‍എംപിയിലൂടെ തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ജെഡിയുവിന്റെ ശക്തികേന്ദ്രങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണിക്ക് ലീഡ് നേടാനായത് യുഡിഎഫിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

