ന്യൂഡല്‍ഹി: യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 91 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരള കോണ്‍ഗ്രസ് പത്ത് സീറ്റുകളിലും ആര്‍എസ്പി അഞ്ചിടത്തും എന്‍സിപി രണ്ടിടത്തും ജനതാദള്‍ മലമ്പുഴയിലും മത്സരിക്കുമെന്നും ചെന്നിത്തല 12/03/21 വെളളിയാഴ്ച പറഞ്ഞു.
സിഎംപി നെന്മാറയിലും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് പിറവത്തും മത്സരിക്കും. എലത്തൂരും പാലയിലുമാണ് എന്‍സിപി മത്സരിക്കുക. വടകര സീറ്റില്‍ കെകെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി എത്തുകയാണെങ്കില്‍ യുഡിഎഫ് പിന്തുണയുണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു.
കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളില്‍ 81 മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ബാക്കിയുള്ള പത്ത് മണ്ഡലങ്ങളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അന്തിമ പട്ടിക 14/03/21 ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാണ് മാധ്യമങ്ങളെ കണ്ടത്.
81 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് തെരഞ്ഞെടുപ്പ് സമിതി വിശദമായി ചര്‍ച്ച നടത്തി തീരുമാനമെടുത്തു. എല്ലാ മണ്ഡലങ്ങളുടെയും കാര്യം ഒരുമിച്ചാണ് പ്രഖ്യാപിക്കുക. ഒരു സീറ്റിലും തര്‍ക്കമില്ല. നേമം ഉള്‍പ്പെടെ പത്ത് സീറ്റുകളിലാണ് തീരുമാനമാവാത്തത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. അത് ഫോര്‍വേഡ് ബ്ലോക്കിന്റെ അഖിലേന്ത്യാ സെക്രട്ടറി ദേവരാജിനോട് മത്സരിക്കാമോ എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം തീരുമാനം അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. എംപിമാര്‍ മത്സര രംഗത്തുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
അന്തിമ തീരുമാനമാകുന്നതുവരെ മുല്ലപ്പള്ളി ഡല്‍ഹിയില്‍ തുടരും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാനത്തേക്ക് ഉടന്‍ തിരിക്കും.

