കോഴിക്കോട്: കുറ്റ്യാടിയിലെ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇപി ജയരാജന്‍. വിഷയം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുമെന്നും 11/03/21 വ്യാഴാഴ്ച ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘സാധാരണഗതിയില്‍ ഇത്തരമൊരു പ്രതിഷേധം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധം ഉണ്ടായതെന്ന് പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി പറയുന്നത് പാര്‍ട്ടി അണികളാകെ അംഗീകരിക്കും,’ ഇപി ജയരാജന്‍ പറഞ്ഞു.
കുറ്റ്യാടി സീറ്റില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോടുള്ള പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തിലാണ് ഇപി ജയരാജന്റെ പ്രതികരണം.
അതേസമയം, കുറ്റ്യാടി നിയോജക മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക നേതൃത്വുമായുള്ള അഭിപ്രായ വ്യത്യാസം രമ്യമായി പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു.

