മുംബൈ: കടുത്ത വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും പ്രകടമായ ഫെബ്രുവരിയില്‍ വിദേശീയര്‍ ഇന്ത്യന്‍ വിപണിയില്‍നിന്നു പിന്‍വലിച്ചത് 10,468 കോടി രൂപയുടെ നിക്ഷേപങ്ങള്‍. ജനുവരിയില്‍ ഇത് 9,253 കോടിയായിരുന്നു. സെബിയുടെ നിര്‍ദേശപ്രകാരം പുതിയതായി അവതരിപ്പിച്ച ഫ്ളക്സി ക്യാപ് ഫണ്ടുകളാണ് പ്രധാനമായും ആടിയുലഞ്ഞത്. ഈ ഫണ്ടില്‍നിന്ന് 10,431 കോടി രൂപയാണ് പിന്‍വലിക്കപ്പെട്ടത്. 2020 ഡിസംബറില്‍ 10,147 കോടി രൂപയും നവംബറില്‍ 12,917 കോടി രൂപയും ഒക്ടോബറില്‍ 2,725 കോടി രൂപയും സെപ്റ്റംബറില്‍ 734 കോടി രൂപയും ഓഗസ്റ്റില്‍ 4000 കോടി രൂപയും ജൂലൈയില്‍ 2,480 കോടി രൂപയും ഓഹരിയധിഷ്ഠിത ഫണ്ടുകളില്‍നിന്ന് പിന്‍വലിക്കപ്പെട്ടിരുന്നു.
തുടര്‍ച്ചയായി എട്ടാം മാസമാണ് വിപണികളില്‍നിന്നു പണം പുറത്തേയ്ക്കൊഴുകുന്നത്. ഓഹരിയധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകളില്‍നിന്ന് വന്‍തോതിലാണു നിക്ഷേപകര്‍ പണം പിന്‍വലിച്ചത്.
അതേസമയം ഫെബ്രുവരിയില്‍ ഡെബ്റ്റ് ഫണ്ടുകളില്‍ 1,735 കോടി രൂപ നിക്ഷേപമായെത്തി. ജനുവരിയില്‍ 33,409 കോടി രൂപയായിരുന്നു ഡെബ്റ്റ് ഫണ്ടുകളില്‍നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചത്. അസോസിയേഷന് ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി)യാണ് കണക്കുകള്‍ പുറത്തുവിട്ടത്. പിന്‍വലിക്കല്‍ തുടരുമ്പോഴും മേഖലയുടെ ആസ്തി വര്‍ധിക്കുന്നത് ആശാവഹമാണ്. 31.64 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി അവസാനത്തെ കണക്കുപ്രകാരം ഫണ്ടുകളുടെ മൊത്തം ആസ്തി. ജനുവരിയില്‍ ഇത് 30.5 ലക്ഷം കോടി രൂപയായിരുന്നു. ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങി എല്ലാവിഭാഗങ്ങളിലും കഴിഞ്ഞ മാസം ലാഭമെടുപ്പ് നടന്നു.

