കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റ് ‌ചെയ്തു

കുമളി: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കുമളി ഗ്രാമ പഞ്ചായത്തിലെ എല്‍ഡി ക്ലാര്‍ക്കായ അജിത് കുമാറിനെയാണ് അറസ്റ്റ് ‌ചെയ്തത്. ചെങ്കര കുരിശുമല പുതുവലില്‍ വിജയകുമാറില്‍ നിന്ന് 10,000രൂപ വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. കോട്ടയം വിജിലന്‍സ് എസ്പി വിനോദ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പി വി.ആര്‍ രവികുമാറും സംഘവുമാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.

ഏലത്തോട്ടത്തിലെ മോട്ടോര്‍ പുരക്ക് നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി 20,000രൂപയാണ് അജിത്കുമാര്‍ ആവശ്യപ്പെട്ടത്. 15,000രൂപക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 5000രൂപ ആദ്യഘട്ടത്തില്‍ നല്‍കി. ബാക്കി 10,000രൂപ നല്‍കുന്നതിനിടെയാണ് അറസ്റ്റ് . പരാതിക്കരന്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിിലന്‍സ് സംഘം അജിത് കുമാറിനെ അറസ്റ്റ് ‌ചെയ്യുകയായിരുന്നു.

ഇയാളെ പിടികൂടാന്‍ വേഷംമാറി ഓട്ടോ ഓടിച്ചാണ് വിജിലന്‍സ് സംഘം പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തിയത്. കുമളി ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ നടക്കുന്ന കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി അജിത് കുമാറിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. അറസ്റ്റിലായ ഇയാളെ 10/03/21 ബുധനാഴ്ച മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →