ഒഡീഷയിലെ കാടുകളെ കാട്ടു തീ വിഴുങ്ങുന്നു, ഫെബ്രുവരി 27 മുതല്‍ ഉണ്ടായത് 12,614 തീപ്പിടിത്തങ്ങൾ

ഭുവനേശ്വര്‍: ഒഡിഷയില്‍ ഫെബ്രുവരി 27 ന് തുടങ്ങിയ കാട്ടുതീ കൂടുതല്‍ ഇടങ്ങളിലലേക്ക് പടരുന്നു. സിമലിപാല്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ ദിവസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ സമീപ്രദേശമായ കുല്‍ദിഹ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലും ബൗധ് വനമേഖലയിലും കാട്ടുതീ പടര്‍ന്നു. 359 സ്ഥലങ്ങളില്‍ തീപ്പിടിത്തം തുടരുന്നതായി ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. കാട്ടുതീ പടരുന്ന സിമലിപാല്‍ അപൂര്‍വ്വ ഇനം സസ്യ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. 94 ഇനം ഓര്‍ക്കിഡുകള്‍, 38 ഇനം മത്സ്യങ്ങള്‍, 164 ഇനം ചിത്രശലഭങ്ങള്‍, 55 ഇനം സസ്തനികള്‍, 304 ഇനം പക്ഷികള്‍, 21 ഇനം ഉഭയജീവികള്‍ എന്നിവയുണ്ട്. സിമലിപാലിലെ 21 വനമേഖലകളില്‍ എട്ടിലും തീ പടര്‍ന്നിട്ടുണ്ട്. മദ്യം നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്ന മഹുവാ പൂക്കള്‍ ശേഖരിക്കാനും തടി കള്ളക്കടത്ത്, വേട്ടയാടല്‍ എന്നിവയ്ക്കായും വനമേഖലയില്‍ അതിക്രമിച്ചു കടന്നവര്‍ കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതാണ് കാട്ടുതീയ്ക്കു കാരണമാകുന്നതെന്നാണ് കരുതുന്നത്. ഫെബ്രുവരി 27 മുതല്‍ 12,614 തീപ്പിടിത്തങ്ങളാണ് ഒഡിഷയില്‍ ഉണ്ടായിട്ടുള്ളത്. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കാട്ടുതീയുടെ കാര്യത്തില്‍ ഒഡിഷയാണ് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →