തിരുവനന്തപുരം: മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീലയെ തരൂരില്‍ മത്സരിപ്പിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് പരിഗണിച്ചുകൊണ്ടായിരുന്നു സെക്രട്ടറിയേറ്റ് തീരുമാനം. തരൂരില്‍ നിന്ന് ജമീലയെ മാറ്റി പകരം കോങ്ങാട് മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന ഡിവൈഎഫ്‌ഐ നേതാവ് പിപി സുമോദിനെ മത്സരിപ്പിക്കാനാണ് 08/03/21 തിങ്കളാഴ്ച ചേർന്ന സെക്രട്ടറിയേറ്റിൽ ഉയര്‍ന്നു വന്ന നിര്‍ദ്ദേശം. തര്‍ക്കം നിലനിന്നിരുന്ന അരുവിക്കര സീറ്റില്‍ ജി സ്റ്റീഫനെത്തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. പൊന്നാനിയില്‍ പി നന്ദകുമാര്‍ തന്നെയാകും മത്സരിക്കുകയെന്നും തീരുമാനമായി.
പികെ ജമീലയെ മത്സരിക്കുന്നത് തരൂരിലെ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലേയും വിജയ സാധ്യതയെ ബാധിക്കുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും കടുത്ത എതിരഭിപ്രായം ഉയര്‍ന്നിരുന്നു. ഇതോടെ സിപിഐഎം തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
പി പി സുമോദിനെ തരൂരില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍പ് തരൂരിലേക്ക് പരിഗണിച്ച പാലക്കാട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ അഡ്വ. ശാന്തകുമാരിയെ കോങ്ങാട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനും സിപിഐഎം ജില്ലാ നേതൃയോഗത്തില്‍ ധാരണയായിരുന്നു.
ജമീല സ്ഥാനാര്‍ഥിയാകുന്നതില്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പട്ടികജാതി ക്ഷേമസമിതിയില്‍ അടക്കം അര്‍ഹരായവര്‍ വേറെയുള്ളപ്പോള്‍ ജമീലയെ കെട്ടിയിറക്കരുതെന്നാണ് തരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം. ജമീലയെ കെട്ടിയിറക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു തരൂരിലെ സിപിഐഎമ്മിന്റെ വിലയിരുത്തല്‍.

