അത് വളച്ചൊടിച്ചത്: പ്രതിയോട് ഇരയെ വിവാഹം കഴിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സ്ത്രീത്വത്തിന് വളരെ ഉയര്‍ന്ന ബഹുമാനമാണ് സുപ്രീം കോടതി നല്‍കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ. പോക്സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് താന്‍ ചോദിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ നിന്നുള്ള ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച പരിഗണിക്കവെയാണ് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ആരാഞ്ഞത്. എന്നാല്‍ വിവാഹം കഴിക്കണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന് പ്രതിയുടെ അഭിഭാഷകനോട് ആരായുക മാത്രമാണ് ചെയ്തതെന്നും ചീഫ് ജസ്റ്റിസ് ഇന്ന് വിശദീകരിച്ചു. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുത്ത് നല്‍കുന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ കാരണം അര്‍ത്ഥം തന്നെ മാറിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അഭിപ്രായത്തോട് ചീഫ് ജസ്റ്റിസ് യോജിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →