സ്ത്രീ ശാക്തീകരണത്തിനായി ലിംഗ സമത്വത്തെക്കുറിച്ചുള്ള പാഠങ്ങൾ വീട്ടിൽ നിന്ന് തന്നെ ആരംഭിക്കണമെന്ന് കേരളത്തിലെ മുൻ ചീഫ് സെക്രട്ടറിയും മുൻ ചീഫ് ഇലക്ടറൽ ഓഫീസറുമായ ശ്രീമതി നളിനി നെറ്റോ. ചെറു പ്രായത്തിൽ തന്നെ സമൂഹം അല്ലെങ്കിൽ കുടുംബങ്ങൾ കുട്ടികളെ ലിംഗാടിസ്ഥാനത്തിൽ പ്രത്യേക കാര്യങ്ങൾക്കായി വാർത്തെടുക്കുകയാണ്. ഇത് അവസാനിച്ചാൽ മാത്രമേ ജോലി ചെയ്യുന്ന, സാമ്പത്തിക സ്വാതന്ത്രം അനുഭവിക്കുന്ന സ്ത്രീകൾക്കായുള്ള ഒരു സമൂഹം വാർത്തെടുക്കാൻ കഴിയൂ എന്നും, ശുഭവസ്ഥയെന്തെന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ നല്ല മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പിനു കീഴിൽ കൊച്ചിയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഓഫീസുകൾ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ സുവോളജി വകുപ്പുമായി ചേർന്ന് നടത്തിയ വെബ്ബിനറിൽ സംസാരിക്കുകയായിരുന്നു ശ്രീമതി നളിനി നെറ്റോ.
സ്ത്രീ ശാക്തീകരണത്തിൽ നാം വളരെയേറെ മുന്നേറിയിട്ടുണ്ടെങ്കിലും സ്ത്രീകൾ ഇപ്പോഴും പിന്നാക്കാവസ്ഥയിൽ ആണ് എന്നുള്ളത് സാർവത്രികമായി അംഗീകരിക്കപ്പെട്ട വസ്തുതയാണെന്നും അവർ പറഞ്ഞു. അത് അന്തർലീനമായി സ്ത്രീകൾ കഴിവില്ലാത്തവർ ആയതു കൊണ്ടല്ല, മറിച്ച് സമൂഹം സ്ത്രീക്കും പുരുഷനും തുല്യമായ ഒരു സ്ഥാനം നൽകാത്തത് കൊണ്ടാണ് എന്നും അവർ പറഞ്ഞു. കാലാകാലങ്ങളായി സ്ത്രീകൾ ഈ തുല്യതക്കു വേണ്ടി പോരാടി കൊണ്ടിരിക്കുന്നു.
ഒരു വനിത അല്ലെങ്കിൽ ഉദ്യോഗസ്ഥ എന്ന നിലയിൽ തന്റെ ജീവിതയാത്രയെ പ്രതിഫലിപ്പിച്ചുകൊണ്ട് സംസാരിക്കവെ, തങ്ങളുടെ മകൾക്ക് ജോലിയും സാമ്പത്തിക സ്വാതന്ത്ര്യവും മറ്റെന്തിനേക്കാളും പ്രധാനമാണെന്ന് ബോധ്യമുണ്ടായിരുന്ന മാതാപിതാക്കളുടെ മകളായി ജനിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു എന്നും ശ്രീമതി നെറ്റോ പറഞ്ഞു.
മറ്റെല്ലാ മേഖലകളെയും പോലെ, ചില സമയങ്ങളിൽ സിവിൽ സർവീസിലും സ്ത്രീകളെ വ്യത്യസ്തമായി കാണുന്നു. പുരുഷനെ പോലെ തന്നെ തുല്യമായി ഒരു ജോലി ചെയ്യാൻ കഴിയും എന്ന് തെളിക്കാൻ ചില സമയങ്ങളിൽ വളരെ ബുദ്ധിമുട്ടായിരുന്നു എന്ന് പറഞ്ഞ അവർ ഒരു സ്വതന്ത്ര സ്ത്രീ ആകുക എളുപ്പമല്ലെന്നും സ്ത്രീകൾ തങ്ങളുടെ സ്വതന്ത്ര ചിന്തകൾ പ്രകടിപ്പിക്കുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യം എന്തെന്നാൽ തെറ്റെന്നു തോന്നുന്ന എന്തിനോടും കൃത്യമായ ബോധ്യത്തോടെയും ധൈര്യത്തോടെയും വിയോജിക്കാനുള്ള കഴിവ് പെൺകുട്ടികൾ വികസിപ്പിക്കുക എന്നതാണ്. നിങ്ങളുടെ സ്വന്തം മനസാക്ഷിയെ മാത്രം ഭയപ്പെടുക, മറ്റെന്തിനെക്കുറിച്ചും ഭയപ്പെടരുത് എന്നും ശ്രീമതി നളിനി നെറ്റോ ഉപദേശിച്ചു.
സ്ത്രീ സുരക്ഷാ, സ്ത്രീകൾക്ക് ഭീഷണിയാകുന്ന മറ്റു കാര്യങ്ങൾ എന്നിവ പ്രതിപാദിക്കവേ, ഇപ്പോഴത്തെ സ്ത്രീകൾ ഈ വിഷയങ്ങളിൽ എല്ലാം വളരെ അധികം അവബോധം ഉള്ളവരാണെന്നും അത് തന്നയാണ് ഇതുനേരിടാനുള്ള ആദ്യ പടി എന്നും അവർ ചൂണ്ടിക്കാട്ടി.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ-റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോ – കേരളം ലക്ഷ്മീദീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിചാമി മുഖ്യ പ്രഭാക്ഷണം നടത്തി. സ്ത്രീകളാണ് കാര്യങ്ങൾ കൂടുതൽ സൂഷ്മമായി കൈകാര്യം ചെയ്യുന്നവരും കൂടുതൽ വൈകാരിക ബുദ്ധിയുള്ളവരും എന്ന് ശ്രീ പളനിച്ചാമി പറഞ്ഞു. മൾട്ടിടാസ്കിംഗിൽ സ്ത്രീകളെ തോൽപിക്കാൻ ആർക്കും സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സ്ത്രീകൾ അബലകളല്ലെന്നും അവരാണ് കൂടുതൽ ശക്തർ എന്ന് പറഞ്ഞു.
പ്രസ് ഇന്ഫർമേഷൻ ബ്യൂറോ, കൊച്ചി ജോയിന്റ് ഡയറക്ടർ രശ്മി റോജ തുഷാര നായർ, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ ലിസി മാത്യു, എറണാകുളം ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എൽ സി പൊന്നുമോൻ എന്നിവരും പരിപാടിയിൽ സംസാരിച്ചു.