ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് തിങ്കളാഴ്ച കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ 40000 ത്തോളം സ്ത്രീകൾ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡല്‍ഹിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഇതിനായി മിക്കയിടങ്ങളില്‍ നിന്നും 07/03/21 ഞായറാഴ്ച രാവിലെ മുതൽ തന്നെ ഡല്‍ഹിയിലേക്കുള്ള യാത്ര സ്ത്രീകൾ ആരംഭിച്ചതായും നേതാക്കൾ പറഞ്ഞു.
സമരത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ഭാരതീയ കിസാന്‍ യൂണിയനിലാണ് കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉള്ളത്. 500 ബസുകള്‍, 115 ട്രക്കുകള്‍, 200 ചെറിയ വാഹനങ്ങള്‍ എന്നിവയിലാണ് സ്ത്രീകള്‍ എത്തുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ സംഘടന വ്യക്തമാക്കി. രാജ്യത്ത് വനിതാ ദിന ആഘോഷങ്ങള്‍ നടക്കവെ ഡല്‍ഹിയിലെ പ്രക്ഷോഭ സ്ഥലത്ത് സ്ത്രീകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തും. ‘വരുന്നവരിൽ വലിയൊരു ഭാഗം സ്ത്രീകളും സമരത്തിന്റെ ഭാഗമായി ഇവിടെ തുടരും,’ ഭാരതീയ കിസാന്‍ യൂണിയന്‍ വനിതാ വിഭാഗം സ്റ്റേറ്റ് കമ്മിറ്റി അംഗം ബല്‍ബിര്‍ കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ഷക പ്രക്ഷോഭം 101 ദിവസം പിന്നിടവെയാണ് പ്രക്ഷോഭത്തിലേക്ക് കൂടുതല്‍ സ്ത്രീകളെത്തുന്നത്. മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

