ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് അര്‍ഹരായവരെ നിശ്ചയിക്കുന്നതിലെ
നിയന്ത്രണമെന്തിനെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി. സ്വന്തം ജനങ്ങള്‍ക്കു വാക്സിന് നല്‍കാതെ നമ്മളതു മറ്റു രാജ്യങ്ങള്‍ക്കു ദാനംചെയ്യുകയോ വില്ക്കുകയോ ചെയ്യുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തവും അടിയന്തരപ്രാധാന്യവും കാണിക്കേണ്ടിയിരിക്കുന്നു. ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പ്രായപരിധി വച്ച വാക്സിനേഷന് നല്‍കേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ചോദ്യം. കോവിഷീല്‍ഡ്, കോവാക്സിന് എന്നിവ ഉല്പാദിപ്പിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കും ഭാരത് ബയോടെക്കിനും കൂടുതല്‍ വാക്സിന് ഉല്പാദിപ്പിക്കാന് കഴിയുമെന്നും എന്നാല്‍, പൂര്‍ണശേഷി ഉപയോഗിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയന്ത്രണത്തിനു പിന്നിലെ യുക്തിയെന്തെന്നു വിശദീകരിച്ച് ഒമ്പതിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം. പത്തിനു വീണ്ടും വാദംകേള്‍ക്കും. ഓരോ ദിവസവും ആഴ്ചയിലും മാസത്തിലും നിര്‍മിക്കാന്‍ കഴിയുന്ന വാക്സിന്റെ കണക്കും വിനിയോഗിക്കപ്പെടാത്ത ശേഷി എത്രയെന്നും വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടു വാക്സിന് നിര്‍മാതാക്കള്‍ക്കും കോടതി നിര്‍ദേശം നല്കി. നിലവില്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും മറ്റു ഗുരുതരരോഗങ്ങളുള്ളവര്ക്കുമാണു വാക്സിന് നല്‍കുന്നത്.
പൂര്‍ണശേഷി ഉപയോഗിക്കാത്തതെന്ത്? വാക്സിനേഷന് നിയന്ത്രണമെന്തിന്? വിശദീകരണം നല്കാന് കേന്ദ്രത്തോട് കോടതി
