ന്യൂഡല്‍ഹി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ അസം ഗണപരിഷത്തും ബോഡോലാന്റ് ടെറിറ്റോറിയല്‍ റീജിയനും മല്‍സരിക്കുക ബിജെപി മുന്നണിയ്ക്ക് വേണ്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ വച്ച് ബിജെപി മേധാവി ജെ പി നദ്ദയുമായി പാര്‍ട്ടി നേതാക്കള്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചയിലാണ് വിഷയത്തില്‍ തീരുമാനമായത്. ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, അസം ബിജെപി മേധാവി രഞ്ജിത് ദാസ്സ്, അസം ഗണപരിഷത്ത് പ്രസിഡന്റ് അതുല്‍ ബോറ, അസം ആരോഗ്യമന്ത്രി ബിശ്വാസ് ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ നേതാവ് പ്രമോദ് ബോറയാണ് യോഗത്തിനെത്തിയ മറ്റൊരാള്‍. ചര്‍ച്ചയില്‍ 99 ശതമാനത്തിലും തീരുമാനമായതായി നദ്ദ പിന്നീട് പറഞ്ഞു.
4-3-2021വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു ശേഷം അന്തിമ പട്ടിക പുറത്തുവന്നേക്കും. അസം ഗണപരിഷത്ത് 2016 തിരഞ്ഞെടുപ്പില്‍ 14 സീറ്റിലാണ് വിജയിച്ചത്. അവര്‍ ഇത്തവണ 25 സീറ്റില്‍ മത്സരിച്ചേക്കും. ബോഡോ പീപ്പിള്‍സ് ഫ്രണ്ട് നേരത്തെ ബിജെപി ക്യാമ്പിലായിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാജൂത്ത് മുന്നണിയുടെ ഭാഗമായി. ഇപ്പോള്‍ വീണ്ടും ബിജെപി മുന്നണിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് 12 സീറ്റ് ലഭിച്ചിരുന്നു. 2016 നിയമസഭയില്‍ ബിജെപി 60 സീറ്റുകള്‍ നേടി. അസം നിയമസഭയില്‍ ആകെ 126 സീറ്റുകളാണ് ഉള്ളത്. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ട പോളിങ്ങില്‍ 47 മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തില്‍ 39 മണ്ഡലങ്ങളിലേക്കും മൂന്നാം ഘട്ടത്തില്‍ 40 മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മെയ് 2ന് നടക്കും.