രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും ഉപേക്ഷിക്കുന്നതായി ശശികല

ചെന്നൈ: രാഷ്ട്രീയരംഗം വിടുകയാണെന്ന് പ്രഖ്യാപിച്ച് എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വികെ ശശികല. ഏപ്രില്‍ ആറിന് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 03/03/21 ബുധനാഴ്ച ശശികലയുടെ നാടകീയ പ്രഖ്യാപനം വന്നത്.

”ജയലളിത ജീവിച്ചിരുന്നപ്പോള്‍ പോലും ഞാന്‍ അധികാരം മോഹിച്ചിട്ടില്ല. അമ്മയുടെ മരണശേഷവും അതിന് ശ്രമിച്ചില്ല. ഞാന്‍ രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും ഉപേക്ഷിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടി വിജയിക്കണം. അവരുടെ പാരമ്പര്യം തുടരണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കും.”-ശശികല പ്രസ്താവനയില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പടുത്തിരിക്കെ ജയില്‍ മോചിതയായി തിരിച്ചുവന്ന ശശികലയുടെ രാഷ്ട്രീയ പ്രവേശനം തമിഴകം ഉറ്റുനോക്കിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇ പളനിസ്വാമി അധികാരമേറ്റതിന് തൊട്ടുപിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശശികലയെ പുറത്താക്കിയിരുന്നു. അവരുടെ നേതൃത്വത്തെ എതിര്‍ത്തിരുന്ന ഒ പനീര്‍സെല്‍വം ഇന്ന് ഇപിഎസിനൊപ്പമാണെന്നതും ശ്രദ്ധേയമാണ്.

അനധികൃത സ്വത്ത് സമ്പാദനത്തിന് 2017 ഫെബ്രുവരി 15നായിരുന്നു ശശികല, ഇളവരസി, സുധാകരന്‍ എന്നിവരെ ജയിലിലടച്ചത്. വിചാരണ കോടതി ജഡ്ജി ജോണ്‍ മൈക്കല്‍ ആയിരുന്നു നാല് വര്‍ഷം തടവും 10 കോടി പിഴയും വിധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →