കണ്ണൂർ : തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കുമെന്ന ഭീഷണിയുമായി കെ എം ഷാജി എംഎല്‍എ. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചവരുണ്ടെന്നും കെ എം ഷാജി.
കണ്ണൂര്‍ വളപട്ടണത്ത് 03/03/21 ബുധനാഴ്ച യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ എം ഷാജിയുടെ ഈ വിവാദ പ്രസംഗം. എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ഭീഷണി. ‘തനിക്കെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് നീക്കങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും മറക്കില്ല. അവര്‍ക്കെല്ലാം എട്ടിന്റെ പണി നല്‍കും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല’ കെ എം ഷാജി ഭീഷണി മുഴക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചുവയുള്ള നോട്ടീസുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്. എന്നാല്‍ ഈ ലഘുലേഖകള്‍ പൊലീസിന് മറ്റ് ചിലര്‍ എത്തിച്ച് നല്‍കിയതാണെന്ന് ആരോപിച്ച് ഷാജി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടു കോഴ കേസില്‍ ഷാജിക്കെതിരെ വിജിലന്‍സും കേസെടുത്തിരുന്നു. ഈ സംഭവങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു കെ എം ഷാജിയുടെ വിവാദ പ്രസംഗം.