സമരം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് പിഎസ്‌സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍, സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് പിഎസ്‌സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍. 28/02/21 ഞായറാഴ്ച മന്ത്രി എ കെ ബാലനുമായി ചേര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ വളരെ അനുകൂലമായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സിന്റെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുന്നതിനും, ലാസ്റ്റ് ഗ്രേഡില്‍ വരുന്ന ഒഴിവുകളില്‍ നിയമനം നടത്താനുള്ള നടപടി ക്രമങ്ങള്‍ക്കുള്ള ശുപാര്‍ശയും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതുവരെ സമരത്തിനൊപ്പം നിന്ന രാഷ്ട്രീയ പാര്‍ട്ടികളോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നെന്നും വ്യക്തമാക്കി. ചര്‍ച്ചയിലെ മിനുട്‌സ് രേഖയായി കണക്കാക്കി ഉടന്‍ പുറത്തുവിടുമെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ ജോലി സമയം എട്ട് മണിക്കൂര്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന നിലയില്‍ നിജപ്പെടുത്തല്‍, ഇതിലേക്ക് വരുന്ന ഒഴിവുകളില്‍ എല്‍ജിഎസിന്റെ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുക എന്നിവയ്ക്കാണ് തീരുമാനം ആയിരിക്കുന്നത്.

അതേസമയം സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുമെന്ന് വ്യക്തമാക്കി. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചിട്ടില്ലെന്നും സമരം ശക്തമായി തുടരുമെന്ന് സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →