കൊച്ചി: മാർച്ച് 2 മുതൽ 4 വരെ നടക്കാനിരിക്കുന്ന രണ്ടാം മാരിടൈം ഇന്ത്യ ഉച്ചകോടി 2021 ൽ ഇന്ത്യയിലെ പ്രധാന തുറമുഖ ട്രസ്റ്റുകളിലൊന്നായ കൊച്ചിൻ പോർട്ട് ട്രസ്റ്റ് 2,825 കോടി ഡോളറിന്റെ ഒമ്പത് ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കും.
‘ഫാക്റ്റു’മായാണ് ധാരണാപത്രങ്ങൾ പ്രധാനമായും ഒപ്പിടുന്നത്. പോർട്ട് ആന്റ് ഐസിഡി സേവനങ്ങൾ, ഐഒസിഎൽ, ഐ ജി ടി പി എൽ, ചാനലുകളുടെയും നദീതടങ്ങളുടെയും അറ്റകുറ്റപ്പണികൾ, തീരദേശ കണക്റ്റിവിറ്റി, ചരക്ക് കൈകാര്യം ചെയ്യൽ, ടൂറിസം അനുബന്ധ പ്രോജക്ടുകൾ, വ്യോമയാന ഇന്ധന ടെർമിനൽ, തുറമുഖ ചാനലുകളുടെ ആഴം കൂട്ടൽ, ചാനലുകളുടെ വീതികൂട്ടൽ, തുടങ്ങിയ മേഖലകളിൽ ധാരണാപത്രങ്ങൾ ഒപ്പിടും.
തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രാലയവുമായി ചേർന്ന് ഉച്ചകോടിയിൽ വച്ച് 217 ലധികം ധാരണാപത്രങ്ങൾ ഒപ്പുവെക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്. ഈ ധാരണാപത്രങ്ങൾ വിവിധ തീരദേശ സംസ്ഥാനങ്ങളുമായും മേഖലയിലെ പങ്കാളികളുമായും ഒപ്പുവയ്ക്കും.
ധാരണാപത്രം സംബന്ധിച്ച പ്രഖ്യാപനം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയവും അന്തർദേശീയവുമായ 30 ലധികം സിഇഒമാർ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള 83 സ്ഥാപനങ്ങൾ അവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. ഇതിൽ യുഎസ്എ, റഷ്യ, ഡെൻമാർക്ക്, ബ്രസീൽ, ജപ്പാൻ, സ്വീഡൻ, സിംഗപ്പൂർ, നെതർലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രാജ്യാന്തര പങ്കാളികളും ഉൾപ്പെടുന്നുണ്ട്.

