തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങള്‍ പരസ്‌പരം വിപ്പ് ലംഘനം ചൂണ്ടിക്കാട്ടി നല്‍കിയ അയോഗ്യതാ ഹര്‍ജികള്‍ നില നില്‍ക്കുമെന്ന് സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ ഉത്തരവ്. ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന ഇരുവിഭാഗത്തിന്റെയും വാദം തളളിയാണ് സ്‌പീക്കറുടെ വിധി. ഇതിന്മേല്‍ തുടര്‍വാദം ഉണ്ടാവും. അടുത്തമാസം വീണ്ടും ഇരുവിഭാഗത്തയും വിസ്തരിച്ചേക്കും
കഴിഞ്ഞ വർഷം ആഗസ്‌റ്റ് 24ന് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലും ജോസ് വിഭാഗം വിട്ടുനിന്നത് വിപ്പ് ലംഘനമാണെന്നാണ് ജോസഫിന്റെ ഹര്‍ജി. എന്നാല്‍ നിയമസഭ കക്ഷി വിപ്പ് റോഷി അഗസ്റ്റിനാണെന്നും പ്രമേയ ചര്‍ച്ചയിലും രാജ്യസഭ ഉപതെരഞ്ഞെടുപ്പിലും വിട്ടുനില്‍ക്കണമെന്ന് നിര്‍ദ്ദേശിച്ച് അദ്ദേഹം നല്‍കിയ വിപ്പ് ജോസഫും മോന്‍സ് ജോസഫും ലംഘിച്ചെന്നുമാണ് ജോസിന്റെ ഹര്‍ജി. ഇരുവിഭാഗത്തിന്റെയും വാദം സ്‌പീക്കര്‍ ഒന്നിലേറെ തവണ കേട്ടിരുന്നു. ഏതുവിഭാഗത്തിനെതിരെ അയോഗ്യത കല്‍പ്പിച്ച് വിധി ഉണ്ടായാലും നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസ്സമുണ്ടാവില്ല.

