ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ കുടുംബ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നു വാദിച്ച സര്‍ക്കാര്‍ കോടതിയില്‍ ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം വ്യാഴാഴ്ച (25/02/21) ഇക്കാര്യം വ്യക്തമാക്കിയത്.
ഒരേ ലിംഗത്തില്‍പ്പെട്ട രണ്ടുപേര്‍ ഒന്നിച്ച് ജീവിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്ബോള്‍ ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്ന ഇന്ത്യന്‍ കുടുംബ ആശയത്തിന് ഇത് വിരുദ്ധമാണ്. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ കുടുംബ വ്യവസ്ഥയുമായി താരതമ്യപ്പെടുത്താനും സാധിക്കില്ല.
സ്വവര്‍ഗ വിവാഹം മൗലിക അവകാശമായി അംഗീകരിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ല. കാരണം നിലവിലെ നിയമങ്ങള്‍ അതിന് വ്യവസ്ഥചെയ്യുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രാജ്യത്തെ വിവാഹ നിയമങ്ങള്‍ പാര്‍ലമെന്റ് രൂപകല്‍പ്പന ചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഒരു പുരുഷന്റെയും സ്ത്രീയുടെയും ഐക്യത്തെ മാത്രം അംഗീകരിക്കുന്നതാണ് ഈ നിയമങ്ങള്‍. മതപരമായ അനുമതി വഴി നിയമപരമായ അനുമതി നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപെടല്‍ രാജ്യത്തെ വ്യക്തി നിയമങ്ങളുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ പൂര്‍ണമായും തകര്‍ക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു.
2018 സെപ്റ്റംബര്‍ ആറിനാണ് സ്വവര്‍ഗാനുരാഗത്തെ അംഗീകരിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്വവര്‍ഗ ലൈംഗിക ബന്ധം കുറ്റകരമാണെന്നു വിധിച്ചിരുന്ന സെക്ഷന്‍ 377 റദ്ദുചെയ്താണ് സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കിയത്. എന്നാല്‍ സ്വവര്‍ഗ വിവാഹത്തെ സംബന്ധിച്ച് നിയമങ്ങളൊന്നും ഇതുവരെ രാജ്യത്ത് നിലവില്‍ വന്നിട്ടില്ല. ഹിന്ദു വിവാഹ നിയമത്തിന്റെ പരിധിയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി തേടിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രത്തിന് നല്‍കിയ നോട്ടീസിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഹര്‍ജി ഏപ്രിലില്‍ വീണ്ടും ഹൈക്കോടതി പരിഗണിക്കും.

