തിരുവനന്തപുരം: അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പുവെച്ച 5000 കോടിയുടെ ധാരണപത്രം റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവാദ ധാരണാപത്രവും ഇഎംസിസിയ്ക്ക് നാല് ഏക്കര്‍ ഭൂമി നല്‍കാനുള്ള ഉത്തരവും ഉടന്‍ റദ്ദാക്കണമെന്ന് ചെന്നിത്തല ചൊവ്വാഴ്ച (23/02/21) വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറിന്റെ ഒരു ഭാഗം മാത്രമാണ് സര്‍ക്കാര്‍ റദ്ദ് ചെയ്തതെന്നും പ്രധാന ധാരണപത്രം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ കടല്‍ കൊള്ളയടിക്കാന്‍ 2018 മുതല്‍ ഗൂഢാലോചന നടന്നുവരികയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. മത്സ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തിയതില്‍ ഒരു നടപടിയും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. പദ്ധതി ഏതുസമയവും തിരികെ വരാം എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ചെന്നിത്തല പറഞ്ഞു. ‘ഇഎംസിസി മാത്രമല്ല പല വന്‍കിട കമ്പനികളും ഈ ധാരണയ്ക്ക് പിന്നിലുണ്ട്. കടല്‍ക്കൊള്ളയ്ക്ക് ഒത്താശ ചെയ്യുന്ന മന്ത്രിയാണ് ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷം കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ ഈ കമ്പനി കേരളത്തിലെ തീരങ്ങളെ നേരത്തെ കൊള്ളയടിക്കുമായിരുന്നു. എല്ലാത്തിനും കൂട്ടുനിന്നത് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനുമാണ് ‘ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഇഎംസിസിയ്ക്കുവേണ്ടി ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്ത് നാല് ഏക്കര്‍ സ്ഥലം അനുവദിച്ച തീരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മത്സ്യനയം പുനപരിശോധിച്ചിട്ടില്ല. ഏത് സമയത്തും പദ്ധതി പുനരാരംഭിക്കാന്‍ വേണ്ടിയാണിതെന്ന് ചെന്നിത്തല പറയുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് തൃപ്തിയില്ലെന്നും മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്ന കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
