പാലക്കാട്: മാന്നാറില്‍ നിന്നും തട്ടികൊണ്ടുപോകപ്പെട്ട യുവതി ബിന്ദു പലതവണ സ്വര്‍ണം കടത്തിയതായി പോലീസിനോട് സമ്മതിച്ചു. ഒന്നരകിലോ സ്വര്‍ണമാണ് ഒടുവില്‍ കൊണ്ടുവന്നത് . സ്വര്‍ണ്ണം വഴിയില്‍ ഉപേക്ഷിച്ചതായി അവര്‍ പോലീസിനോട് പറഞ്ഞു. എട്ടുമാസത്തിനിടെ മൂന്നുതവണ സ്വര്‍ണ്ണം കടത്തിയതായി അവര്‍ പറഞ്ഞു. അതേ സമയം തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞതായും തട്ടിക്കൊണ്ടുപോകലിന് പ്രാദേശിക സഹായം ലഭിച്ചതായും പോലീസ് അറിയിച്ചു.
മാന്നാര്‍ കൊരട്ടിക്കാട് വിസ്മയ ഭവനില്‍ ബിനോയിയുടെ ഭാര്യ ബിന്ദു (39) വിനെയാണ് അജ്ഞാത സംഘം പിടിച്ചു കൊണ്ടുപോയത്. പാലക്കാട് ജില്ലയിലെ വടക്കും ചേരിയില്‍നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നാലുദിവസം മുമ്പ് വിദേശത്തുനിന്നെത്തിയ യുവതി ക്വാറന്‍റൈനില്‍ കഴിയുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്.
ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന യുവതി വീട്ടിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം മലപ്പുറം കൊടുവളളി സ്വദേശികളെന്ന് പരിചയപ്പെടുത്തി മൂന്നുപേര്‍ വന്നിരുന്നു. ബിന്ദുവിനെ കണ്ട് ഇവര്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണ്ണത്തെക്കുറിച്ച് ചോദിച്ചു. എന്നാല്‍ ആരും സ്വര്‍ണ്ണം തന്നുവിട്ടിട്ടില്ലെന്ന് യുവതി പറഞ്ഞതിനെ തുടര്‍ന്ന് ആള്‍മാറി പോയതാണെന്ന് പറഞ്ഞ് മൂവര്‍സംഘം തിരികെ പോവുകയും ചെയ്തു. ഇതിന് ശേഷമാണ് വീട് ആക്രമിച്ച് ഇവരെ തട്ടിക്കൊണ്ടുപോയത്.
