ജയ്പ്പൂര്‍ കൊട്ടാര മാതൃകയില്‍ സാര്‍വ്വജന സ്‌കൂള്‍ പുനഃര്‍നിര്‍മ്മിക്കുന്നു

വയനാട്: ഷഹ്‌ല ഷറിന്‍ എന്ന അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സാര്‍വ്വജന സ്‌കൂള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താനുളള ശ്രമം ആരംഭിച്ചു. ശീതീകരിച്ച ക്ലാസ് മുറികളും ഇന്‍ഡോര്‍ സ്‌റ്റേഡിയവും ബാസ്‌ക്കറ്റ് ‌ബോള്‍ കോര്‍ട്ടും സിന്തറ്റിക്ക് ട്രാക്കും ജിംനേഷ്യവും സ്‌പോര്‍ട് കോംപ്ലക്‌സും പവിലിയനും ഒക്കെയുളള സ്‌കൂള്‍. ജയ്പ്പൂര്‍ കൊട്ടാരത്തിലെ ഇടനാഴികളെ അനുസ്മരിപ്പിക്കുന്ന വിധം എല്ലാ കെട്ടിടങ്ങളേയും ബന്ധിപ്പിക്കുന്ന കോറിഡോറുകളും സജ്ജമാക്കും. സ്‌കൂളിനുളളില്‍ പുല്‍ത്തകിടികളും ചെറുജലാശയങ്ങളും ഒക്കെയുണ്ടാവും . 13.5 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

3 വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. സംസ്ഥാനത്തെ മികച്ച സ്‌കൂളുകളില്‍ ഒന്നാക്കി ഇതിനെ മാറ്റുകയാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉദ്ദേശം. ഹൈസ്‌കൂള്‍ കെട്ടിടത്തിന് മാത്രം 5 കോടിരൂപയാണ് നീക്കിവച്ചിട്ടുളളത്. 12 ക്ലാസ് മുറികളുണ്ടാവും. ഹൈസ്‌കൂളിനും വിച്ച്എസ് സിക്കും ഇടയില്‍ നിലവിലുളള കെട്ടിടം നവീകരിച്ച് വിശാലമായ ലൈബ്രറി സജ്ജമാക്കും. പിന്നിലുളള രണ്ട് കെട്ടിടങ്ങളും പൊളിച്ച് സ്‌കൂള്‍മൈതാനം വിശാലമാക്കും. നിലവിലുളള ഓഡിറ്റോറിയത്തിന് സമീപം ഊട്ടുശാലയും അടുക്കളയും ക്രമീകരിക്കും. ഗ്രീന്‍ ആന്റ് ഫ്രൂട്ട് ക്യാംപസ് എന്ന ആശയത്തിലൂന്നി ആധുനീക രീതിയില്‍ ഇവ സജ്ജീകരിക്കും.

നിലവില്‍ ഏഴുകോടിരൂപയാണ് അനുവദിച്ചിട്ടുളളത്. 1.16 കോടി രൂപയുടെ വിഎച്ച്എസ് സി കെട്ടിടം പൂര്‍ത്തിയായി. മൂന്നുകോടിയുടെ ഭരണാനുമതിയും ആയി. സാങ്കേതിക അനുമതിക്കായി കാത്തിരിക്കുകയാണ്. കിഫ്ബി വഴി ഒരുകോടി രൂപയും വിദ്യാഭ്യാസ വകുപ്പ് 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നഗരസഭ 16 ലക്ഷം രൂപ അനുവദിച്ചു. ഇനിയും ആവശ്യമുളള 6.5 കോടിരൂപ എംപി ഫണ്ട് അടക്കമുളളവയില്‍ നിന്നും ശേഖരിക്കാനാണ് ‌നീക്കം. പുതിയ പദ്ധതി സമര്‍പ്പിക്കുന്നതോടെ സംസ്ഥാന സര്‍ക്കാരും കൂടുതല്‍ തുക അനുവദിച്ചേക്കും. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ബിആര്‍ ടെക് ഡിപ്പാര്‍ട്ടുമെന്‍റാണ്. സൗജന്യമായി സ്‌കൂളിന്‍റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്..

വിഎച്ച്എസ് സി കെട്ടിടത്തിന്റെ ഉദ്ഘാടനം 20-2-2021 ശനിയാഴ്ച10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മന്ത്രി സി.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം . നടത്തും. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്യും. നഗരസഭാദ്ധ്യക്ഷന്‍ ടികെ രമേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സികെ സഹദേവന്‍, ടോം ജോസ് , പ്രിന്‍സിപ്പല്‍ പിഎ അബ്ദുള്‍ നാസര്‍, പിടിഎ പ്രസിഡന്‍റ് അസീസ് മടാല, എന്‍.സി ജോര്‍ജ്, കൗണ്‍സിലര്‍ ജംഷീര്‍ അലി, പിആര്‍ അജേഷ്, കെഎം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →