തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇതിന്റെ ഭാഗമായി ഇലക്ഷന്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഫെബ്രുവരി 20നു മുന്‍പ് കളക്ടറേറ്റില്‍ ലഭ്യമാക്കാന്‍ എല്ലാ വകുപ്പുകളുടേയും ജില്ലാ മേധാവികൾക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പിനു 14 ദിവസം മുന്‍പു രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയിരിക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ജില്ലാ ഭരണകൂടം ശേഖരിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരം ആരോഗ്യ വകുപ്പിനു കൈമാറും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണു വാക്സിനേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
കോവിഡ് മുന്‍നിര പോരാളികള്‍കള്‍ക്കുള്ള വാക്‌സിനേഷന്‍ ജില്ലയില്‍ വിജയകരമായി പുരോഗമിക്കുകയാണ്. ഇതിനൊപ്പമാണ് തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുകൂടി വാക്സിന്‍ നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ടു കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ വികസന കമ്മിഷണര്‍ ഡോ. വിനയ് ഗോയല്‍, എ.ഡി.എം. ടി. ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിനു കെ.എസ്, കോവിഡ് വാക്‌സിനേഷന്റെ ജില്ലയിലെ നോഡല്‍ ഓഫിസര്‍ ഡോ. കെ.വി. വിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.