സൈന്യത്തില്‍ നഴ്‌സ്: പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസിന്റെ നഴ്‌സിങ് കോളേജുകളില്‍ നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്സി.) നഴ്‌സിങ് കോഴ്‌സിലേക്ക് മിലിട്ടറി നഴ്‌സിങ് സര്‍വീസസില്‍ സ്ഥിരം/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.പ്ലസ്ടു സയന്‍സ് പഠിച്ച പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 10 വൈകീട്ട് അഞ്ചു ജോയിന്‍മിലിട്ടറി സൈറ്റ് വഴി നല്‍കാം.

മൊത്തം സീറ്റുകള്‍ 220. പുണെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ് (40 സീറ്റ്), കൊല്‍ക്കത്ത കമാന്‍ഡ് ഹോസ്പിറ്റല്‍-ഈസ്റ്റേണ്‍ കമാന്‍ഡ് (30), ഇന്ത്യന്‍ നേവല്‍ ഹോസ്പിറ്റല്‍ ഷിപ്പ്-അശ്വിനി (40), ന്യൂഡല്‍ഹി ആര്‍മി ഹോസ്പിറ്റല്‍-റിസര്‍ച്ച് ആന്‍ഡ് റഫറല്‍ (30), ലഖ്‌നൗ കമാന്‍ഡ് ഹോസ്പിറ്റല്‍-സെന്‍ട്രല്‍ കമാന്‍ഡ് (40), ബെംഗളൂരു കമാന്‍ഡ് ഹോസ്പിറ്റല്‍-എയര്‍ഫോഴ്‌സ് (40), എന്നിവയിലാണ് പ്രോഗ്രാം നടത്തുന്നത്.
അവിവാഹിതരാവണം. വിവാഹമോചനം ലഭിച്ചവര്‍ക്കും നിയമപരമായി ബന്ധം വേര്‍പെടുത്തിയവര്‍ക്കും ബാധ്യതകളില്ലാത്ത വിധവകള്‍ക്കും അപേക്ഷിക്കാം. ജനനം 1996 ഒക്ടോബര്‍ ഒന്നിനും 2004 സെപ്റ്റംബര്‍ 30-നും (രണ്ടു ദിവസങ്ങളും ഉള്‍പ്പെടെ) ഇടയ്ക്കായിരിക്കണം. പ്ലസ്ടു/തുല്യപരീക്ഷ ആദ്യശ്രമത്തില്‍ ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും), ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു തലത്തില്‍ ആകെ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 2020-21 വിദ്യാഭ്യാസ വര്‍ഷത്തില്‍ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെഡിക്കല്‍ ഫിറ്റ്‌നസ് വ്യവസ്ഥകളും ഉണ്ട്.

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം, മെഡിക്കല്‍പരിശോധന എന്നിവ ഉണ്ടാകും. ഏപ്രിലില്‍ നടന്നേക്കാവുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷയ്ക്ക് ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ ഇന്റലിജന്‍സ്, സയന്‍സ് (ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി), എന്നിവയില്‍നിന്ന് ഒരു മാര്‍ക്കു വീതമുള്ള 50 വീതം ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാര്‍ക്കില്ല. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ജൂണില്‍ നടത്തുന്ന അഭിമുഖത്തിന് (100 മാര്‍ക്ക്) വിളിക്കും. മെഡിക്കല്‍ പരിശോധനയും ഉണ്ടാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →