ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പുറത്തിറങ്ങിയെങ്കിലും ലോകം ആശങ്കയിലാണ്. ജനിതകമാറ്റം വന്ന കൊവിഡുകളാണ് ഇതിന് കാരണം. ഇതോടെ ആരോഗ്യവിദഗ്ധര്‍ വൈറസ് വകഭേദങ്ങളെ ഒരു പോലെ നേരിടുന്ന ഒറ്റ വാക്‌സിന്‍ എന്ന ലക്ഷ്യത്തിലേക്കാണ് ഗവേഷകരുടെ ശ്രദ്ധ പോവുന്നത്. കൊവിഡ്-19 മഹാവ്യാധിയ്ക്ക് കാരണമാകുന്ന വൈറസിന് സാര്‍സ് കോവ്-2 എന്നാണ് ഔദ്യോഗികമായി നല്‍കിയിരിക്കുന്ന പേര്. ഇടയ്ക്ക് രോഗവ്യാപന തോതും മരണ നിരക്കും കുറഞ്ഞെങ്കിലും ഇപ്പോള്‍ റോക്കറ്റ് വേഗത്തില്‍ രോഗ വ്യാപനം കുതിക്കാനും കാരണം വൈറസിന്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളാണ്. ഇപ്പോഴും വൈറസിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നത് പലതരം വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.ലോകത്ത് ഓരോ ദിവസവും രോഗം ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടാകുന്നത്. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരിയാകുന്നതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈറസിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ലോകത്ത് പടരുന്ന രീതികളും ശാസ്ത്രലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഓരോ സമയത്തുമുണ്ടാകുന്ന മാറ്റങ്ങള്‍ കൂടി മനസ്സിലാക്കിയാണ് ഗവേഷണങ്ങള്‍ മുന്നോട്ട് പോകുന്നത്. അതിനാല്‍ വൈറസിന്റെ ജനിതകമാറ്റ സ്വഭാവം കൂടി പരിഗണിച്ചാണ് ഗവേഷകരുടെ പ്രവര്‍ത്തനം.
അപകടകാരിയായ വൈറസ് വകഭേദങ്ങള്‍
ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ തിരിച്ചറിഞ്ഞ അപകടകരമായ കൊറോണ വൈറസ് വകഭേദങ്ങള്‍ ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്. ഡി614ജി മ്യൂട്ടേഷനാണ് കൊറോണ വൈറസിന്റെ സ്വഭാവ മാറ്റങ്ങളില്‍ ശ്രദ്ധേയമായത്. മനുഷ്യ ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ അഗ്രത്തിലാണ് ഇതുള്ളത്. വുഹാനില്‍ പടരുന്ന സമയത്ത് ഇങ്ങനെയൊരു ഘടകം വൈറസില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 97 ശതമാനം സാംപിളുകളിലും ഡി614ജി മ്യൂട്ടേഷന്‍ കാണുന്നുണ്ട്. അതേസമയം, കൊറോണ വൈറസില്‍ ഫ്‌ലൂ വൈറസിനേക്കാള്‍ വളരെ സാവധാനമാണ് ജനിതകമാറ്റം നടക്കുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിക്കുന്നത്. ഫ്‌ലൂവിനോടുള്ള പ്രതിരോധശേഷം സമൂഹത്തില്‍ വളരെ കുറവാണ്. ഇതിന് വാക്‌സിനും ചികിത്സയുമില്ലെങ്കിലും അവ കണ്ടെത്താനുള്ള സമ്മര്‍ദം കുറവാണ്. കാരണം ഫ്‌ലൂ വ്യാപനം വളരെ പരിമിതമാണ്. മരണകാരണാകാനുള്ള സാധ്യതയും കുറവാണ്. കൊറോണ വൈറസ് നിരന്തരം മാറ്റത്തിന് വിധേയമാകുന്നത് മനുഷ്യജീവന് വലിയ ഭീഷണിയാകുമെന്നാണ് ഭയക്കുന്നത്.
വകഭേദങ്ങള്‍ കണ്ടെത്താന്‍ കൃത്രിമബുദ്ധി
വൈറസ് വകഭേദങ്ങള്‍ക്കനുസരിച്ച് പുതിയ വാക്‌സിനുകള്‍ അതിവേഗം സൃഷ്ടിക്കാന്‍ കഴിയുന്ന മെസഞ്ചര്‍ ആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം ഇപ്പോള്‍. ഇതിനായി വകഭേദങ്ങള്‍ പ്രവചിക്കാന്‍ കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ഉപയോഗിക്കുക.ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ പിഎല്‍സിയും ക്യൂര്‍വാക്കുമാണ് മ്യൂട്ടന്റ്-കില്ലിംഗ് വാക്സിനുകള്‍ക്കായി പ്രവര്‍ത്തിക്കുന്നത്.ജനികമാറ്റങ്ങള്‍ വൈറസിനെ കൂടുതല്‍ അപകടകാരിയാക്കുന്നുണ്ടോ എന്നാണ് ഗവേഷകര്‍ കാര്യമായി പരിശോധിച്ചത്. വൈറസ് മനുഷ്യ കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ ഉപയോഗിക്കുന്ന മുനകളിലെ പ്രോട്ടീനിലെ മൂന്ന് അമിനോ ആസിഡുകളിലാണ് മാറ്റം സംഭവിക്കുന്നത്. ഈ മാറ്റം മുനകളുടെ ശക്തി കൂട്ടുന്നതാണ്. ”ഈ വൈറസ് സ്ഥിരമായി മാറ്റത്തിന് വിധേയമാകുന്നുണ്ട് പുതിയ വൈറസുകള്‍ ഉണ്ടാകുമ്പോള്‍ ആ മാറ്റം വ്യക്തമാണ്. പ്രത്യുത്പാദനത്തില്‍ മാറ്റം സംഭവിക്കാത്ത സാഹചര്യം വളരെ കുറവാണ്.- ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഡോ. ലൂസി വാന്‍ ഡോര്‍പ് പറയുന്നു. ഈ വൈറസ് ഉത്ഭവിച്ചപ്പോള്‍ തന്നെയുണ്ടായ പ്രത്യേകത കാരണമാണ് നിരന്തരം മ്യൂട്ടേഷന്‍ സംഭവിക്കുന്നതെന്നും ഡോ. ലൂസി പറയുന്നു. തുടക്കത്തില്‍ പടര്‍ന്ന വൈറസില്‍ നിന്ന് ഏറെ മാറ്റമുള്ളതാണ് ഇപ്പോഴത്തേത്ത് ഉറപ്പിച്ച് പറയാനാകുമെന്നാണ് ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ഡോ. തുഷാന്‍ ഡി സില്‍വ പറയുന്നത്. ജനിതകമാറ്റങ്ങള്‍ വൈറസിന്റെ പകരാനുള്ള ശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്നതിന് മതിയായ തെളിവില്ലെങ്കിലും അങ്ങനെ കരുതേണ്ടി വരുമെന്നാാണ് തുഷാന്‍ ഡി സില്‍വയുടെ അഭിപ്രായം. മ്യൂട്ടേഷന്‍ സംഭവിച്ച വൈറസിന് മനുഷ്യശരീരത്തിലേക്ക് കയറാനുള്ള കഴിവ് വര്‍ധിച്ചിട്ടുണ്ടെന്നാണ് ഫ്‌ലോറിഡയിലെ സ്‌ക്രിപ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരായാ ഹെര്‍യുന്‍ ചോ, മൈക്കല്‍ ഫര്‍സാന്‍ എന്നിവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.യൂറോപ്യന്‍ യൂണിയനിലുടനീളമുള്ള രാജ്യങ്ങള്‍ വകഭേദങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.ബൂസ്റ്റര്‍ ഷോട്ടുകള്‍ ആവശ്യമെങ്കില്‍ നിര്‍മ്മാതാക്കളുമായി കരാര്‍ ഉണ്ടാക്കി മതിയായ ബാച്ചുകള്‍ ഉറപ്പാക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം

