മൂന്നാര്‍: മൂന്നാറില്‍ 2021 ഫെബ്രൂവരി 11,12 വ്യാഴം ,വെളളി ദിവസങ്ങളില്‍ താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് താന്നു. പുല്‍മേടുകള്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങള്‍ രാവിലെ മഞ്ഞില്‍ പൊതിഞ്ഞിരുന്നു. കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റുകളില്‍ പലയിടത്തും താപനില മൈനസ് 2 രേഖപ്പെടുത്തി. പച്ചപുതച്ചിരുന്ന പെരിയവരെ, കന്നിമല, സൈലന്റ് വാലി മൈതാനങ്ങള്‍ രണ്ടുദിവസമായി മഞ്ഞുപുതച്ചിരിക്കുകയാണ്.
തണുപ്പ് ആസ്വദിക്കാനും മൊബൈല്‍ ക്യമറകളില്‍ പകര്‍ത്താനുമായി നിരവധി സഞ്ചാരികളാണെത്തുന്നത്. സൈലന്റ് വാലി ,ചെണ്ടുവരൈ, ഉപാസി എന്നിവിടങ്ങളില്‍ മൈനസ് ഒന്നും, സെവന്‍മലൈ ,മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രിയും, ലക്ഷ്മി എസ്‌റ്റേറ്റില്‍ മൈനസ് രണ്ടുമാണ് താപനില . വരും ദിവസങ്ങളില്‍ ശൈത്യം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.
ശൈത്യം വര്‍ദ്ധിക്കുന്നത് വിനോദ സഞ്ചാരമേഖലക്ക് ആക്കം കൂട്ടുമെങ്കിലും കര്‍ഷകര്‍ക്ക് തിരിടച്ചടിയാകും. മഞ്ഞുവീഴ്ച ശക്തമാകുന്നത് തോട്ടം മേഖലക്കും നാശം വിതക്കും. വട്ടവടയിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പാമ്പാടും ചോലയില്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ മൈനസ് ഒന്നിലെത്തിയിരുന്നു. വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം, ചിലന്തിയാര്‍, കടവരി മേഖലകളിലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. അഞ്ചുവര്‍ഷത്തിനിടെ ഇത്രയും തണുപ്പ് അനുഭവപ്പെട്ടിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വട്ടവടയിലെ പച്ചക്കറി കൃഷിക്കാര്‍ ഏറെ ആശങ്കയിലാണ്.

