കാസർകോട്: കോവിഡ് പശ്ചാത്തലത്തില്‍ പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ ടൗണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഇളവ് വരുത്തി. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഓട്ടോ ടാക്സി ഓടിക്കാനും അനുമതി നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അറിയിച്ചു. പാണത്തൂര്‍ ടൗണിലെ മുഴുവന്‍ വ്യാപാരികളും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി 15 നകം കൈപ്പറ്റണം. പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്ത വ്യാപാരികളുടെ കടകള്‍ തുറക്കാന്‍ അനുവാദമില്ല. പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലെ വ്യാപാരികളും ഫെബ്രുവരി 20 നകം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഓട്ടോ – ടാക്സി, ചുമട്ടു തൊഴിലാളികള്‍ എന്നിവരും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. പഞ്ചായത്തില്‍ ജാഗ്രതാ സമിതി കര്‍ശനമാക്കാന്‍ പഞ്ചായത്ത് കോറോണ കോര്‍കമ്മിറ്റി യോഗം തിരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ സങ്കേതങ്ങളില്‍ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തും. വിവാഹ, ഗൃഹപ്രവേശന ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് വാര്‍ഡ് ജാഗ്രതാ സമതികളുടെ അറിവോട് കൂടി മാത്രമേ അനുമതി നല്കു. ഞായറാഴ്ച പാണത്തൂര്‍ ടൗണില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും.
വ്യാപാരികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പനത്തടി പഞ്ചായത്ത്
