തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഫര്‍ണസ് എണ്ണ ഡ്രെയിനേജ് വഴി കടലിലേക്ക് ഒഴുകിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ വ്യവസായ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ,മലബാര്‍ സിമെന്‍റ്സ് എംഡി.എം മുഹമ്മദ് അലി, കെഎംഎംഎല്‍എംഡി എസ് ചന്ദ്രബോസ് എന്നിവരാണ് അംഗങ്ങള്‍. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ജീവനക്കാരുടെ വീഴ്ചകൊണ്ടാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉപകരണങ്ങളുടെ കാലപ്പഴക്കവും കാരണമായി. വീഴ്ചകാട്ടിയവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് കൈമാറുമെന്നും സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം പ്രദേശവാസികള്‍ക്ക് നല്‍കുമെന്നും കമ്പനി അറിയിച്ചു. ചോര്‍ച്ചയുണ്ടെന്ന വിവരം വൈകിയാണ് കമ്പനി അറിയിച്ചതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി .നാട്ടുകാരാണ് ഇആദ്യം വിവരം അറിയിച്ചത്. കടല്‍തീരത്ത് നാലുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ എണ്ണപടര്‍ന്നിട്ടുണ്ട്. കടലില്‍ പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാനുളള അനുമതി നിഷേധിച്ചിരിക്കുകയാണ്.
അതേസമയം എണ്ണ കടലില്‍ പടര്‍ന്നതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് തീരസംരക്ഷണ സേന അറിയിച്ചു. സേനയുടെ സി.441 ചെറുകപ്പല്‍ തീരത്തോട് അടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഉള്‍ക്കടലിലേക്ക് പടര്‍ന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

