ന്യൂഡല്‍ഹി: ഹിമാലയന്‍ മേഖലയില്‍ ഗ്ലേഷ്യല്‍ തടാകങ്ങളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ ദുരന്ത കാരണം ഗ്ലേഷ്യല്‍ തടാകം മൂലമുണ്ടാവുന്ന ഗ്ലോഫ് ആയിരിക്കാമെന്ന പ്രാഥമിക നിഗമനങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗ്ലേഷ്യല്‍ തടാകങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധന സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ഗ്ലേഷ്യല്‍ ലേക്ക് ഔട്ട് ബര്‍സ്റ്റ് ഫ്ലഡ് എന്നതിന്റെ ചുരുക്കെഴുത്താണ് ഗ്ലോഫ്. മഞ്ഞ് പാളി പൊട്ടി അടര്‍ന്ന് മാറി മഞ്ഞ് തടാകം രൂപപ്പെട്ടു. ഇത് പൊട്ടി വെളളപൊക്ക ദുരന്തമുണ്ടാവുന്നതിനെയാണ് ഗ്ലോഫ് എന്ന് വിളിക്കുന്നത്. ചൂടുപിടിക്കുന്ന താപനില മൂലമുണ്ടാകുന്ന ഹിമാനികളിലെ പിന്‍വാങ്ങല്‍ മൂലം ഗ്ലേഷ്യല്‍ തടാകങ്ങളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നതായും വലിയ തോതിലുള്ള വെള്ളപ്പൊക്കത്തിനും നാശത്തിനും കാരണമാകുമെന്നുമാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.2013 ലെ കേദാര്‍നാഥ് ദുരന്തവും ഒരു വലിയ ഗ്ലേഷ്യല്‍ തടാകത്തില്‍ നിന്നുള്ളതായിരുന്നുവെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്മെന്റ് (ഐസിഐഎംഒഡി) രേഖപ്പെടുത്തിയ ഹിമാലയന്‍ മേഖലയിലെ ഹിമാനികളുടെയും ഹിമപാതങ്ങളുടെയും 2005 ലെ പട്ടികയില്‍ 127 ഗ്ലേഷ്യല്‍ തടാകങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരാഖണ്ഡിലെ ഈ തടാകങ്ങള്‍ കണ്ടെത്തിയത്.ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററില്‍ പ്രവര്‍ത്തിച്ച രണ്ട് ശാസ്ത്രജ്ഞര്‍ 2015ല്‍ 362 ഗ്ലേഷ്യല്‍ തടാകങ്ങളെയാണ് തിരിച്ചറിഞ്ഞത്. അതായത് പത്തുവര്‍ഷത്തിനുള്ളില്‍ 235 തടാകങ്ങളുടെ വര്‍ദ്ധനവ്. മിക്ക ഗ്ലേഷ്യല്‍ തടാകങ്ങളും വിദൂര സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ശാസ്ത്രജ്ഞര്‍ക്ക് അവ അപ്രാപ്യമാണ്. അവ തിരിച്ചറിയാനും കണ്ടെത്താനും ഉപഗ്രഹ ചിത്രങ്ങളെയാണ് ആശ്രയിക്കുന്നത്.
ഉത്തരാഖണ്ഡില്‍ മാത്രമല്ല ഹിമാലയത്തിലെ മറ്റ് പ്രദേശങ്ങളിലും ഗ്ലേഷ്യല്‍ തടാകങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഹിമാനികള്‍ പിന്‍വാങ്ങുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അത്തരം തടാകങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, ഉത്തരാഖണ്ഡിലേതിനു സമാനമായ
സംഭവങ്ങളും വര്‍ധിക്കുമെന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഗ്ലേസിയോളജിസ്റ്റുകളില് ഒരാളും ജാമിയ ഹംദാര്‍ഡ് സര്‍വകലാശാലയുടെ പ്രോ-ചാന്‍സലറുമായ സയ്യിദ് ഇക്ബാല്‍ ഹസ്നെയ്ന്‍ പറഞ്ഞു.
ഗ്ലേഷ്യല്‍ തടാകങ്ങള്‍ വര്‍ദ്ധിക്കുന്നു: വരാനിരിക്കുന്നത് വന്‍ ദുരന്തം
