ദില്ലി: വിദേശവായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ഡോക്ടറില്‍ നിന്നും ഒരുകോടിരൂപ തട്ടിയെടുത്ത കേസില്‍ ഒരു ദില്ലി സ്വദേശി കൂടി അറസ്റ്റില്‍. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന അമര്‍ജിത് കുമാര്‍ യാദവിനെയാണ് സൈബര്‍പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ മറ്റൊരു തട്ടിപ്പുകേസില്‍ തിഹാര്‍ ജയിലിലായിരുന്നു.തട്ടിപ്പിനായി വ്യജരേഖകള്‍ ചമച്ച് സിംകാര്‍ഡുകള്‍ നല്‍കുന്ന ആളാണ് അമര്‍ജിത്കുമാര്‍ യാദവെന്ന് പോലീസ് പറഞ്ഞു.
അതിവിദഗ്ദ്ധമായി തട്ടിപ്പുനടത്തുന്ന ഉത്തരേന്ത്യന്‍ സംഘത്തിലെ ഒരാളെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍പോലീസ് കസറ്റഡിയിലെടുത്തത്. നവമാദ്ധ്യമങ്ങള്‍ വഴി പരിചയപ്പെടുന്നവരെ വിവിധ വാഗ്ധാനങ്ങള്‍ പണം തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി നിര്‍മ്മല്‍കുമാറിനെ പോലീസ് ദില്ലിയില്‍ നിന്നും അറസറ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അമര്‍ജിത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തട്ടിപ്പുനടത്താനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡുപയോഗിച്ചെടുക്കുന്ന സിംകാര്‍ഡുകളാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. സിംകാര്‍ഡുകള്‍ നല്‍കുന്ന അമര്‍ജിത് യാദവിനെ കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ദില്ലി പോലീസ് തിരുവനന്തപുരത്തെത്തിച്ചത്.
തട്ടിപ്പ്‌സംഘം 30 ലധികം അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നു. ഈ ബാങ്ക് അക്കൗണ്ടുകളിലേക്ക് വരുന്ന പണം അപ്പോള്‍തന്നെ പെ ടിഎംലേക്ക് മാറ്റും .പിന്നീട് ക്രെഡിറ്റ്കാര്‍ഡുപയോഗിച്ച് മൊബൈല്‍ ഫോണുകള്‍ വാങ്ങുകയും സംഘം ദില്ലിയില്‍ നടത്തുന്ന കടകളില്‍ വില്‍ക്കുകയുമാണ് ചെയ്യുന്നത്. സംഘത്തിലുളള പ്രഭുനാഥ് വര്‍മ്മ ,ശിവസുന്ദര്‍സിംഗ് എന്നിവരെകൂടി ഇനിയും പിടികൂടാനുണ്ട്.

