അഹമ്മദാബാദ്: 2002ലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസിലെ ദൃക്സാക്ഷി ഇംതിയാസ് ഖാന്‍ പത്താന്‍ അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീനില്‍ (എ.ഐ.ഐ.എം.എം) ചേര്‍ന്നു. തിങ്കളാഴ്ചയാണ് അഹമ്മദാബാദിലെ അസ്റ്റോഡിയയില്‍ നടന്ന പരിപാടിയില്‍ ഇദ്ദേഹം പാര്‍ട്ടി അംഗത്വമെടുത്തത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി, പ്രത്യേകിച്ച് വാര്‍ഡ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് ഗോംതിപൂര്‍ നിവാസിയായ അദ്ദേഹം പറഞ്ഞു.
”ഞങ്ങളുടെ ഗോംതിപൂര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഞാന്‍ പ്രചാരണം നടത്തും. ഒരു പാര്‍ട്ടിയും ഞങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഒവൈസി സാഹബ് ഒരു ബാരിസ്റ്ററാണെന്നും ഞങ്ങളുടെ പാര്‍ട്ടിയിലെ അഹമ്മദാബാദ് കേഡര്‍ വിദ്യാസമ്പന്നരും അവബോധമുള്ളവരുമായ ആളുകളുടെ ഇടമാണെന്നും ”പത്താന്‍ പറഞ്ഞു.
2002ലെ ഗുജറാത്ത് കലാപസമയത്ത് അഹമ്മദാബാദിലെ ചമന്‍പുരയിലെ മുസ്ലീങ്ങള്‍ താമസിക്കുന്ന ഒരു പ്രദേശമായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ ആക്രമണമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഈ സംഭവത്തിന്റെ ദക്‌സാക്ഷിയാണ് പത്താന്‍. 2002 ഫെബ്രുവരി 28-നാണ് ഇത് നടന്നത്. ഇവിടെയുണ്ടായിരുന്ന മിക്ക വീടുകളും കത്തിക്കപ്പെടുകയും ഒരു മുന്‍ കോണ്‍ഗ്രസ്സ് എം.പി.ആയ അഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 35 പേരെയെങ്കിലും ചുട്ടുകൊല്ലുകയും ചെയ്തു. 31 പേര്‍ ഈ സംഭവത്തിനുശേഷം കാണാതാവുകയുമുണ്ടായി. ഇവര്‍ മരിച്ചുപോയിട്ടുണ്ടാകും എന്ന നിഗമനത്തില്‍ പിന്നീട് എത്തിച്ചേരുകയുണ്ടായി. ഇതോടെ മരണസംഖ്യ 69 ആയി. ആ സംഭവത്തിനിടെ, കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി അഹ്‌സാന്‍ ജാഫ്രി 2002 ലെ കൂട്ടക്കൊലയ്ക്കിടെ രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി ഉന്നത രാഷ്ട്രീയ നേതാക്കളെ വിളിച്ചിരുന്നുവെങ്കിലും ആരും സഹായിച്ചില്ലെന്നും പത്താന്‍ ആരോപിച്ചു. അതിനു ശേഷവും ഒരു പാര്‍ട്ടിയും ഞങ്ങള്‍ക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ വലിയ നേതാവായി കണക്കാക്കപ്പെട്ടിരുന്ന അഹമ്മദ് പട്ടേലും കുറ്റവാളികള്‍ക്കെതിരെ ഒന്നും പറഞ്ഞില്ല, ഞങ്ങളെ പിന്തുണച്ചിട്ടില്ല. നീതി ലഭിക്കാന്‍ ഞങ്ങള്‍ ഇപ്പോഴും കോടതിമുറികളില്‍ കയറി ഇറങ്ങുകയാണ്.ബി.ജെ.പി പോലും വര്‍ഷങ്ങളോളം എടുത്താണ് ഈ നിലയിലെത്തിയത്. ഞങ്ങള്‍ക്കും ഒരുകാലത്ത് അത് സാധിക്കുമെന്നും പത്താന്‍ പറഞ്ഞു.

