വളരാൻ കരുത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ ധനസഹായം നല്‍കും -മന്ത്രി ടി.എം.തോമസ് ഐസക്

ആലപ്പുഴ: വളരാന്‍ സ്വയമേവ കരുത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്ന നയമാണ് ഇനി ആവശ്യമായി വരുകയെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. ഒരു പൊതുമേഖലാ സ്ഥാപനത്തെയും ഇല്ലാതാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിക്കില്ല.  കോമളപുരം സ്പിന്നിങ് ആൻഡ് വീവിങ്  മിൽസ് ആധുനികവൽക്കരണത്തിന്റെ ഭാഗമായി അനുവദിച്ച 5.9 കോടി രൂപ ഉപയോഗിച്ച്  സ്ഥാപിച്ച രണ്ട് അത്യാധുനിക ഓട്ടോ കോണര്‍ മെഷീനുകളുടെ  സ്വിച്ചോൺ കർമം നിർവഹിക്കുകയായിരുന്നു മന്ത്രി.  
പൊതുമേഖലയെ  വിറ്റഴിക്കുന്ന നയമാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയാണ് ഇത്തവണ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ അതിന് ബദലായി പൊതുമേഖലാസ്ഥാപനങ്ങളെ കരുത്തുറ്റ സമ്പദ്ഘടനയുടെ ഭാഗമാക്കുന്ന നയമാണ് കേരളത്തിൽ പിണറായി വിജയൻ സർക്കാർ നടപ്പാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.  

പൂട്ടിക്കിടന്ന കോമളപുരം സ്പിന്നിങ് മില്‍ സർക്കാർ ധനസഹായത്തോടെ ആദ്യഘട്ടത്തിൽ പുനരുദ്ധാരണം പൂർത്തിയാക്കി 2016 ലാണ് പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചത്.   രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് അനുവദിച്ച 10.35 കോടി രൂപ ഉപയോഗിച്ച് 1 8 2 4 0 റിങ് സ്പിന്‍ഡിലുകളും 20 എയർ ജെറ്റ് തറികളും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.  

സ്പിന്നിംഗ് മില്ലിന് ഏറെ അവസരങ്ങൾ തുറന്നു കൊടുക്കുന്ന കേരളത്തിൽ തന്നെ ആദ്യമായുള്ള  നോൺ വേവൺ ഫാബ്രിക്  നിർമാണത്തിലേക്ക് കേരള സ്പിന്നേഴ്സ് ഉടന്‍ കടക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതുവഴി പി.പി.ഇ കിറ്റ്, സര്‍ജിക്കല്‍ മാസ്ക്, എന്നിവയെല്ലാം നിര്‍മിക്കാന്‍ സാധിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.  രാജേശ്വരി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.എം.ആരിഫ് എം.പി മുഖ്യ അതിഥിയായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.  ഡി.  മഹേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജുമൈലത്ത്, മാനേജിങ് ഡയറക്ടർ കെ ടി  ജയരാജൻ,  കൈത്തറി -ടെക്സ്റ്റൈൽസ് ഡയറക്ടർ സുധീർ കെ,  ടെക്സ്റ്റൈൽ കോർപ്പറേഷൻ ഡയറക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

വിദേശ വിപണി വരെ ലക്ഷ്യംവെച്ച് ഓട്ടോ കോണർ മെഷീനുകൾ 
കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലില്‍  സ്ഥാപിച്ച രണ്ട് ഓട്ടോ കോണർ മെഷീനുകൾ വരുന്നതോടെ മില്ലിൽ ഉൽപാദിപ്പിക്കുന്ന നൂല്‍ ഉയർന്ന ഗുണനിലവാരമുള്ള കോണുകൾ ആക്കി വിദേശവിപണികളിൽ അടക്കം വിൽപ്പന നടത്താൻ സ്ഥാപനത്തിന് കഴിയും. കൊവിഡ് അനന്തര കാലത്തിൽ വിപുലമായ വൈവിധ്യവൽക്കരണമാണ് കോമളപുരം സ്പിന്നിങ് മില്ലില്‍  നടന്നത്. സ്പിന്നിങ് മിൽ നിർമ്മിച്ച തുണി ഉപയോഗിച്ച് ഒരു ലെയർ ഉള്ള ജനത മാസ്ക് , മൂന്ന് ലെയറുള്ള സുരക്ഷാ മാസ്ക് എന്നിവ വിപണിയിലെത്തിച്ചു.  

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അംഗൻവാടി ജീവനക്കാർക്കുള്ള 1,32,000 ഓവർ കോട്ടുകള്‍ക്ക് തുണി ഉത്പാദിപ്പിച്ച് നല്‍കി.  100 ശതമാനം കോട്ടണ്‍ പ്രിന്റഡ് ബെഡ് ഷീറ്റുകളും മില്ലില്‍ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.  സര്‍ക്കാരിന്റെ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്കായി കോമളപുരം സ്പിന്നിങ് ബില്ലിൽ നിന്നും നാളിതുവരെയായി 19.9 5 കോടി രൂപ വിലയുള്ള 12.0 7 ലക്ഷം കിലോ നൂല്‍ ഉൽപാദിപ്പിച്ചു നൽകിയിട്ടുണ്ട്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും  ധനമന്ത്രി തോമസ് ഐസക്കും മുൻകൈയെടുത്ത് മില്ലിൽ നിലവിലുള്ള ദിവസവേതനക്കാരെയും  ട്രെയിനി ജീവനക്കാരെയും ബദലി തസ്തികയിലേക്ക് ഉയർത്തിയിരുന്നു.  ഇതുമൂലം ജീവനക്കാർക്ക്  വേതനത്തിലും  വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →