ന്യൂഡല്‍ഹി: ട്വിറ്ററിന്റെ ഇന്ത്യയിലെയും ദക്ഷിണ ഏഷ്യയിലേയും പബ്ലിക് പോളിസി മേധാവിയായ മഹിമ കൗള്‍ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു കാലം മാറി നില്ക്കുന്നതിനായാണ് രാജി വച്ചതെന്നാണ് കൗള്‍ നല്കുന്ന വിശദീകരണം. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ നിയമം ലംഘിച്ചുവെന്നാരോപിച്ച് ട്വിറ്റര്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൗളിന്റെ രാജി.
മഹിമ കൗള്‍ പബ്ലിക് പോളിസി ഡയറക്ടര്‍ പദവിയില്‍ നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് ട്വിറ്ററില്‍ ഞങ്ങള്‍ എല്ലാവര്ക്കും വലിയ നഷ്ടമാണ്. പദവിയില്‍ അഞ്ച് വര്‍ഷത്തിനു ശേഷം വ്യക്തി ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ ആഗ്രഹത്തെ ഞങ്ങള്‍ മാനിക്കുന്നു. മഹിമ മാര്‍ച്ച് അവസാനം വരെ പദവിയില്‍ തുടരും – ട്വിറ്റര്‍ ഗ്ലോബല്‍ പോളിസി മേധാവി മോണിക് മെഷെ പ്രസ്താവനയില്‍ പറഞ്ഞു.

