14 കാരിയായ ഭാര്യ പ്രസവിച്ചു. ഭര്‍ത്താവ്‌ നിയമപ്രകാരം കുറ്റവാളിയാണെന്ന്‌ പോലീസ്‌

മലപ്പുറം: പതിനാലുകാരിയായ ഭാര്യ പ്രസവിക്കാനിടയായ സംഭവത്തില്‍ 22 കാരനായ ആദിവാസി യുവാവിനെതിരെ പോക്‌സോ കേസ്‌. പ്രായപൂര്‍ത്തിയാവാത്ത യുവതി ഗര്‍ഭിണിയായതായി ആശുപത്രി അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്നാണ്‌ യുവാവിനെതിരെ കേസെടുത്തത്‌. കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലാണ്‌ യുവതി കുഞ്ഞിന്‌ ‌ ജന്മം നല്‍കിയത്‌. പ്രസവത്തിനായി യുവതിയെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ്‌ എത്തിച്ചതെങ്കിലും പ്രായ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ സങ്കീര്‍ണ്ണത ഉണ്ടാവാനുളള സാധ്യത മുന്നില്‍ കണ്ട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ അയക്കുകയായിരുന്നു.

ഇതിനോടൊപ്പം പോലീസിനേയും ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചിരുന്നു. പോലീസ്‌ കേസ്‌ രജിസറ്റര്‍ ചെയ്തതറിഞ്ഞ യുവാവ്‌ ഒളിവില്‍ പോയി. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സഹായത്തോടെ മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പെണ്‍കുട്ടികളെ നേരത്തേ വിവാഹം ചെയ്യുന്നത്‌ തങ്ങളുടെ ആചാരമാണെന്നും യുവാവിനെതിരെ പരാതിയില്ലെന്നും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം പരിഗണിക്കാനാവില്ലെന്ന്‌ വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തളളുകയായിരുന്നു.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ യുവാവ്‌ നിയമപ്രകാരം കുറ്റവാളിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഗോത്ര വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുളളവരെ പോക്‌സോ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →