എംബി രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സര്‍വ്വകലാശാലയിലെ നിയമനത്തിനെതിരെ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കി ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍

കോഴിക്കോട്: സിപിഐഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സര്‍വ്വകലാശാലയിലെ നിയമനത്തിനെതിരെ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കി ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂവരും കത്തില്‍ വ്യക്തമാക്കി. ഡോ ഉമര്‍ തറമേല്‍, കെഎം ഭരതന്‍. പി പവിത്രന്‍ എന്നിവരാണ് കത്ത് നല്‍കിയത്.

ഇന്റര്‍വ്യൂ ബോഡിന്റെ ഏഴംഗ സമിതിയില്‍ മൂന്നുപേര്‍ മാത്രമായിരുന്നു വിഷയവിദഗ്ധരായി ഉണ്ടായിരുന്നത്. ഉദ്യോഗാര്‍ത്ഥിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിഷയ വിദഗ്ധരാണ്. തങ്ങളുടെ തെരഞ്ഞെടുപ്പനുസരിച്ച് നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും നിനിതയെ തങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ലായിരുന്നെന്നും വ്യക്തമാക്കിയാണ് മൂവരും വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയത്. മറ്റൊരു ഉദ്യോഗാര്‍ത്ഥിക്കായിരുന്നു മുസ്ലിം സംവരണ വിഭാഗത്തില്‍ ഒന്നാം റാങ്ക്. പട്ടിക അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

വിഷയമുന്നയിച്ച് ഉമര്‍ തറമേല്‍ കഴിഞ്ഞ ദിവസംതന്നെ രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തിന് പുറമെയാണ് മറ്റ് രണ്ടുപേരും ക്രമക്കേടുണ്ടെന്ന് ആരോപണം ശക്തമാക്കിയിരിക്കുന്നത്. എന്നാലിവര്‍ ഔദ്യോഗികമായ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

കഴിവും യോഗ്യതയും വര്‍ഷങ്ങളുടെ മുന്‍പരിചയവുമുള്ള ഉദ്യോഗാര്‍ഥികളെ തഴഞ്ഞാണ് നിനിത കണിച്ചേരിയെ നിയമിച്ചതെന്നാണ് ആരോപണം. കൊവിഡ് ഭീതിയെത്തുടര്‍ന്ന് സര്‍വ്വകലാശാല പൂര്‍ണ്ണമായി അടച്ച സമയത്തുപോലും സിന്‍ഡിക്കേറ്റ് ഉപസമിതിയോഗവും ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖവും നടന്നിരുന്നതായാണ് വിവരം. സിന്‍ഡിക്കേറ്റ് യോഗം നടന്ന രാത്രിതന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് ഫോണിലൂടെ നിയമന ഉത്തരവ് നല്‍കിയതായി റിപ്പോര്‍ടുണ്ടായിരുന്നു.

റാങ്ക് ലിസ്റ്റ് അട്ടിമറിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി ഉമര്‍ തറമേല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് വിഷയം ശ്രദ്ധയാര്‍ജിക്കുന്നത്. ഇനി സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ജോലി ചെയ്യില്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →