പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് (പി.ഡി.ആർ.ഡി.) ഗ്രാന്റ് ആയ 6,195.08 കോടി രൂപ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. സംസ്ഥാനങ്ങൾക്കുള്ള പി.ഡി.ആർ.ഡി. ഗ്രാന്റിന്റെ പതിനൊന്നാമത്തെ പ്രതിമാസ ഗഡുമാണിത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 68,145.91 കോടി രൂപ ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി അർഹരായ സംസ്ഥാനങ്ങൾക്ക് നൽകി. ഈ മാസം നൽകിയ ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2020-21 ൽ സംസ്ഥാനങ്ങൾക്ക് നൽകിയ പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ ആകെ തുകയും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ നൽകുന്നത്.സംസ്ഥാനങ്ങളുടെ വരുമാന കമ്മി നികത്താൻ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം പ്രതിമാസ തവണകളായാണ് ഗ്രാന്റ് അനുവദിക്കുന്നത്.14 സംസ്ഥാനങ്ങൾക്ക് പി.ഡി.ആർ.ഡി. ഗ്രാന്റ് നല്കാൻ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.
ഈ ഗ്രാന്റ് സ്വീകരിക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ യോഗ്യതയും ഗ്രാന്റ് തുകയും കമ്മീഷൻ തീരുമാനിച്ചത് 2020-21 സാമ്പത്തിക വർഷത്തിലെ സംസ്ഥാനങ്ങളുടെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം അടിസ്ഥാനമാക്കിയാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2020-21 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് ആകെ 74,341 കോടി രൂപ പോസ്റ്റ് ഡിവ്യൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ആയി ശുപാർശ ചെയ്തു.ഇതിൽ 68,145.91 കോടി രൂപ (91.66%) ഇതുവരെ കൈമാറി.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ പോസ്റ്റ് ഡിവ്യൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ശുപാർശ ചെയ്തിട്ടുള്ള സംസ്ഥാനങ്ങൾ: ആന്ധ്രാപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, പഞ്ചാബ്, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ.

