ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച(5/02/21) തുടക്കം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് തത്സമയം സംപ്രേഷണം ചെയ്യും. ഓണ്‍ലൈനായി ഹോട്ട്സ്റ്റാറിലും മത്സരങ്ങള്‍ കാണാം. ചാനല്‍ 4 വഴി ബ്രിട്ടനിലും മത്സരം തത്സമയം കാണാം. ഇന്ത്യയുടെസാധ്യതാ ടീമിലുള്ളത് രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (നായകന്‍), അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്/മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ്. കൈക്കുഴയ്ക്കു പരുക്കേറ്റ ഓപ്പണര്‍ സാക് ക്രൗളിക്ക് ഒന്നും രണ്ടും ടെസ്റ്റുകളില്‍ കളിക്കാനാകില്ലെന്നത് ഇംഗ്ലണ്ടിന് അപ്രതീക്ഷിത തിരിച്ചടിയായി. പരുക്കില്‍നിന്നു മുക്തനായ ഒലെ പോപ്പിനെ പകരം കളിപ്പിക്കും. ഇംഗ്ലണ്ടിന് വേണ്ടി ഡോം സിബ്ലി, റോറി ബേണ്‍സ്, ജോ റൂട്ട് (നായകന്‍), ബെന്‍ സ്റ്റോക്സ്, ഒലെ പോപ്പ്, ജോസ് ബട്ട്ലര്‍, മൊയീന്‍ അലി, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്, സ്റ്റുവര്‍ട്ട് ബ്രോഡ് എ്ന്നിവരും ഇറങ്ങുമെന്നാണ് കരുതുന്നത്.ഏറ്റവും പുതിയ തരം എസ്.ജി. ബോളാണു മത്സരത്തിന് ഉപയോഗിക്കുന്നത്. കടുപ്പമേറിയ കോര്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ പന്തിനു കൂടുതല്‍ വേഗം കിട്ടുമെന്നാണ് ഇരുടീമുകളുടെയും കണക്കു കൂട്ടല്‍. പിച്ചിലെ പപ്പച്ച് അതേപടി നിലനിര്‍ത്തിയിട്ടുണ്ടെന്നു കുറേറ്റര്‍ വി. രമേശ് കുമാര്‍ പറഞ്ഞു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇവിടെ ഒന്‍പത് ടെസ്റ്റുകളില്‍ ഏറ്റുമുട്ടി. 2016 ലാണ് അവസാനം ഏറ്റുമുട്ടിയത്. മത്സരത്തില്‍ കര്‍ണാടക മലയാളി കരുണ്‍ നായര്‍ (303) ട്രിപ്പിള്‍ സെഞ്ചുറിയടിച്ചിരുന്നു. കരുണിന്റെ മികവില്‍ ഇന്ത്യ ഇന്നിങ്സിനും 75 റണ്ണിനും ജയിച്ചു. ഇംഗ്ലണ്ട് ചെപ്പോക്കില്‍ അവസാനം ജയിച്ചത് 1985 ലാണ്. മൈക്ക് ഗാറ്റിങ്ങിന്റെയും ഗ്രെയിം ഫൗളറിന്റെയും ഇരട്ട സെഞ്ചുറികളും നീല്‍ ഫോസ്റ്ററിന്റെ 11 വിക്കറ്റ് നേട്ടവും അന്നത്തെ മത്സരം ആവേശകരമാക്കി. ഈ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളിയെ നിശ്ചയിക്കും.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചതോടെ ന്യൂസിലന്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമായി. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരാണു ന്യൂസിലന്‍ഡിന്റെ എതിരാളിയാകാന്‍ സാധ്യതയുള്ളവര്‍. ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റ് പരമ്പരയെ കുറിച്ചു മാത്രമാണു തങ്ങള്‍ ചിന്തിക്കുന്നതെന്നു രഹാനെ പറഞ്ഞു. ജൂണ്‍ 18 മുതലാണു വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കേണ്ടത്. ഇന്ത്യക്കു ഫൈനലില്‍ കടക്കാന്‍ ഇംഗ്ലണ്ടിനെതിരേ 2-1, 2-0, 3-1, 3-0, 4-0 എന്നീ മാര്‍ജിനുകളില്‍ പരമ്പര നേടണം. ഇന്ത്യക്കെതിരേ 3-1, 3-0, 4-0 എന്നീ മാര്‍ജിനുകളില്‍ പരമ്പര നേടിയാല്‍ ഇംഗ്ലണ്ട് ഫൈനലില്‍ കളിക്കും. ജോ റൂട്ട് നൂറാം ടെസ്റ്റ് കളിക്കാനൊരുങ്ങുകയാണ്. 2012 ലെ നാഗ്പുര്‍ ടെസ്റ്റിലായിരുന്നു റൂട്ടിന്റെ അരങ്ങേറ്റം. കന്നി മത്സരത്തില്‍ 73 റണ്ണെടുക്കാന്‍ റൂട്ടിനായി. ഇം ഗ്ലണ്ട് 2-1 നു പരമ്പരയും നേടി. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ നായകന്‍ വിരാട് കോഹ്ലി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നാണു കരുതുന്നത്. ഇന്ത്യ മൂന്ന് പേസര്‍മാരെ കളിപ്പിക്കുമെന്നാണു സൂചന. ആര്‍. അശ്വിനും അക്ഷര്‍ പട്ടേലും സ്ഥാനം ഉറപ്പിച്ചവരാണ്. പേസര്‍ മുഹമ്മദ് സിറാജിനെ പുറത്തിരുത്തി ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുമെന്നാണു സൂചന. ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മയുമാണു പേസര്‍മാര്‍.

