തഞ്ചാവൂര്‍: മോഷണം ആരോപിച്ച് സുഹൃത്തുക്കളില്‍ നിന്ന് അതിക്രൂരമായ മര്‍ദ്ദനം നേരിട്ട യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയില്‍ പ്രവേശിച്ച യുവാവിന്റെ നില ഗുരുതരമാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് ദലിത് തൊഴിലാളിയായ രാഹുല്‍ എന്ന ഇരുപത്തിനാലുകാരനു നാലു പേരടങ്ങുന്ന സുഹൃത് സംഘത്തില്‍ നിന്ന് മര്‍ദ്ദനം നേരിട്ടത്.നാല്‍വര്‍സംഘത്തില്‍ ഒരാളുടെ പണം രാഹുല്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു പുറംലോകം അറിയുന്നത്. കണ്ണുകെട്ടി മുട്ടുകുത്തിയിരിക്കുന്ന യുവാവിന്റെ തല തുടകൊണ്ട് അമര്‍ത്തി പിന്‍ഭാഗത്ത് മരക്കഷണം കൊണ്ട് അടിച്ചായിരുന്നു ”ചോദ്യംചെയ്യല്‍”. വേദനകൊണ്ടു പുളയുന്ന യുവാവ് അലറിക്കരയുന്നുമുണ്ട്. ഒരാളുടെ ഊഴം കഴിയുന്ന മുറയ്ക്ക് അടുത്തയാള്‍ വടിവാങ്ങി മര്‍ദനം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. ഇടയ്ക്ക് യുവാവിനെ പോകാന്‍ അനുവദിച്ച സംഘം പിന്നാലെയെത്തി വീണ്ടും പിടികൂടി പീഡനപര്‍വം ആവര്‍ത്തിച്ചു. ഇത്തവണ ഒരാള്‍ ശരീരത്തില്‍ കയറിയിരിക്കുന്നതായാണു ദൃശ്യങ്ങളില്‍. രാഹുലിന്റെ മുഖമാകട്ടെ മണ്ണിലും. ഈസമയം മറ്റൊരാള്‍ കാല്‍വണ്ണയില്‍ പിടിച്ച് ഞെരിക്കുന്നുമുണ്ട്. ഇതിനിടയിലും പൃഷ്ഠഭാഗത്തു വടികൊണ്ടുള്ള തല്ലിനു കുറവൊന്നുമില്ല. അടിക്കുന്നയാള്‍ ”തളരുമ്പോള്‍” അപരനു വടി കൈമാറിയാണു ”റിലേ മര്‍ദനം”. രാഹുലിനെ എഴുന്നേല്‍പ്പിച്ചു മുട്ടിനു താഴെ അടിക്കുന്നതാണു മറ്റൊരു ദൃശ്യത്തില്‍. സംഭവത്തില്‍ എസ്.സി/എസ്.ടി. പീഡനം അടക്കം ആറോളം വകുപ്പുകള്‍ ചുമത്തി തഞ്ചാവൂര്‍ പോലീസ് കേസെടുത്തു. പ്രതികളായ നാല്‍വര്‍സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
Uncategorized