കോഴിക്കോട് : 1970-കളിൽ തുടങ്ങി മൂന്നു പതിറ്റാണ്ടോളം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി നിരവധി സിനിമകളിൽ പ്രവർത്തിച്ച പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ പി എസ് നവാസ് (പി ശ്രീനിവാസ് ) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലായിരുന്നു അന്ത്യം.
ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാൻ ആയിരുന്നു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹനിയാട്ടം എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് 1977 ൽ ദേശീയ അവാർഡ് നേടിയിട്ടുണ്ട്. 1979 ൽ ആന്ധ്രപ്രദേശ് സംസ്ഥാന സർക്കാരിന്റ നന്ദി പുരസ്കാരവും ലഭിച്ചു.
കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷം മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മോഷൻ പിക്ചർ ഫോട്ടോഗ്രാഫിൽ ഡിപ്ലോമ നേടിയ ഇദ്ദേഹം പി എൻ മേനോൻ സംവിധാനം ചെയ്ത കുട്ട്യോടത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ചു. പ്രശസ്ത ക്യാമറാമാൻ ആയിരുന്ന അശോക് കുമാറിന്റെ കീഴിൽ ഓപ്പറേറ്റീവ് ക്യാമറാമാനായി പ്രവർത്തിച്ചു കൊണ്ടായിരുന്നു ഇത്.
ബാബു നന്ദൻകോടിന്റെ സത്യത്തിന്റ നിഴലിൽ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രഹകൻ ആകുന്നത്. ഭാഗ്യരാജും ചിരഞ്ജീവിയും നായകൻമാരായി അരങ്ങേറിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനും കോഴിക്കോട്ടുകാരനായ പി എസ് നവാസ് ആയിരുന്നു. തമിഴിലെ ലാൻഡ്മാർക്ക് സിനിമകളായ 16 വയതിനിലെ , കിഴക്കേ പോകും റിയല്, സികപ്പു റോജാക്കള്, തെലുങ്കിലെ സാഗര സംഗമം തുടങ്ങിയ നിരവധി സിനിമകളുടെ ചായാഗ്രഹണം നിർവഹിച്ചത് നവാസ് തന്നെയാണ്. മലയാളത്തിൽ സത്യത്തിന്റ നിഴൽ, ശങ്കുപുഷ്പം, സർപ്പം, ലിസ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനും , ഭാരതിരാജ ആദ്യമായി അഭിനയിച്ച കല്ലുക്കുൾ ഈരം എന്ന സിനിമ സംവിധാനം ചെയ്തതും പി എസ് നവാസ് ആയിരുന്നു.

