ന്യൂഡല്‍ഹി: കർഷക സമരത്തിന് പിൻതുണയുമായി ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് മുസാഫർനഗറിൽ മഹാ പഞ്ചായത്ത്, കര്‍ഷകരുടെ ‘മഹാപഞ്ചായത്തിന്’ പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും എത്തിയിരുന്നു.
ആയിരക്കണക്കിന് കര്‍ഷകരാണ് യു.പിയിലെ മുസാഫിര്‍ നഗറില്‍ വെളളിയാഴ്ച(29/01/21) സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ പങ്കെടുത്തത്.
ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് തികേത് ആയിരുന്നു മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തത്. ഖാസിപ്പൂരില്‍ സമരം നയിക്കുന്ന കര്‍ഷക നേതാവ് രാകേഷ് തികേതിന്റെ സഹോദരനാണ് ഇദ്ദേഹം.
ഇവിടെ നേരിട്ട് എത്തിയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് പിന്തുണ അറിയിച്ചത്. കര്‍ഷക പ്രതിഷേധത്തിന് ശക്തിപകരാന്‍ ദളിത് ഗ്രൂപ്പുകളുടെ എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നതായി ആസാദ് പറഞ്ഞു.
കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാനും അക്രമം ഉണ്ടാക്കാനും സര്‍ക്കാര്‍ എല്ലാ തന്ത്രങ്ങളും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഖാസിപ്പുരില്‍ വെറും അഞ്ഞൂറിന് അടുത്തായിരുന്നു പ്രതിഷേധത്തിന് ആളുകളായി ഉണ്ടായിരുന്നതെങ്കില്‍ വെള്ളിയാഴ്ച അത് ആയിരങ്ങളായി മാറിയിട്ടുണ്ട്.
മഹാപഞ്ചായത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് കര്‍ഷകര്‍ ശനിയാഴ്ച ഖാസിപ്പൂരിലേക്ക് എത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ അനുയായികളും സമരത്തിന് പിന്തുണയുമായി എത്തും.