മുംബൈ: കര്‍ഷകസമരം അക്രമാസക്തമാകണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം റിപ്പബ്ലിക് ദിനത്തില്‍ സാര്‍ഥകമായെന്നു ശിവസേന. സമരം 60 ദിവസത്തിലേറെയായിട്ടും കര്‍ഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നില്ല.
ക്ഷമയും സഹനവും ആയുധമാക്കി സമാധാനപരമായി തുടര്‍ന്ന സമരത്തിനു ലഭിച്ച സ്വീകാര്യത കേന്ദ്രത്തെ അസ്വസ്ഥമാക്കി. കര്‍ഷകരെ ഏതുവിധേനയും പ്രകോപിപ്പിച്ച് സമരം അക്രമാസക്തമാക്കണമെന്ന താല്‍പര്യം റിപ്പബ്ലിക് ദിനത്തില്‍ ഫലപ്രാപ്തിയിലെത്തിയെന്നും സാമ്നയിലെ മുഖപ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കി. 26 നു ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളെ അംഗീകരിക്കുന്നില്ല. അതു രാജ്യത്തിന്റെ മുഖം രാജ്യാന്തരസമൂഹത്തിനുമുന്നില്‍ വികൃതമാക്കി. സംഘര്‍ഷത്തിനു കര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ഉത്തരവാദിത്തം സര്‍ക്കാരിനുമില്ലേയെന്നും മുഖപ്രസംഗം ആരായുന്നു.