ആഴക്കയത്തിൽ നിന്നും രണ്ടു പേരുടെ ജീവൻ രക്ഷിച്ച 14 കാരന് ജീവൻ രക്ഷാപതക്

കുട്ടനാട്: കൈനകരി കൈതാരത്തില്‍ സാബുവിന്റെയും കുഞ്ഞുമോളുടെയും മകന്‍ അരുണ്‍ തോമസ് നാടിന്റെയാകെ അഭിമാനമാണിന്ന്. ജീവൻ രക്ഷാപതക്കിനാണ് അരുൺ അർഹനായത്. ആഴക്കയത്തിൽ മുങ്ങിത്താണ രണ്ട് ജീവനുകൾക്കാണ് ഈ 14 കാരൻ രക്ഷകനായത്. കൈനകരി ഒറ്റത്തെങ്ങില്‍ സജിത്തിന്റെ ഭാര്യ കൃഷ്ണപ്രിയ, മൂന്നു വയസ്സുള്ള മകള്‍ അപര്‍ണിക എന്നിവരെയാണ് അരുണ്‍ അന്നു രക്ഷിച്ചത്.

2019ഏപ്രില്‍ 18നായിരുന്നു ആ സംഭവം. ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വരുന്ന വഴി തോടിന്റെ സംരക്ഷണഭിത്തിയിലൂടെ നടന്ന കൃഷ്ണപ്രിയയും ഒപ്പമുണ്ടായിരുന്ന ഇളയമകളും കാല്‍വഴുതി വെള്ളത്തില്‍ വീണു.

ഒപ്പമുണ്ടായിരുന്ന മൂത്തമകള്‍ അനുപ്രിയയുടെ കരച്ചില്‍ കേട്ടാണു വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ അരുണ്‍ ഓടിയെത്തിയത്. ബന്ധുവീട്ടില്‍ കയറിയിരുന്ന കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് സജിത്ത് ഓടിയെത്തിയപ്പോഴേക്കും അരുണ്‍ ഇരുവരെയും സുരക്ഷിതമായി കരയിലെത്തിച്ചിരുന്നു.

നിലവില്‍ കൈനകരി സെയ്ന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അരുൺ. നേരത്തെ സ്‌കൂളിലെ നീന്തല്‍ കോച്ചിങ് ക്യാമ്പിലെ സജീവ അംഗമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →