കാസർകോട്: സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അന്താരാഷ്ട്ര ശില്‍പശാലയുടെ ഭാഗമായി വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, കര്‍ഷകര്‍ പൊതുജനങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തുന്ന ഹാക്കത്തോണ്‍ മത്സരം വൈഗ അഗ്രിഹാക്ക് 2021 ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുളള ഹാക്കത്തോണില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, കര്‍ഷകര്‍/പൊതുജനങ്ങള്‍/ പ്രൊഫഷനലുകള്‍/സ്റ്റാര്‍ട്ടപ്പുകള്‍ എന്നിങ്ങനെ മൂന്നു വിഭാഗമായാണ് മത്സരങ്ങള്‍ നടത്തുന്നത്. കേളത്തിന്റെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ കണ്ടെത്തി പ്രോബ്ലം സ്‌റ്റേറ്റ്‌മെന്റ് ആയി അവതരിപ്പിച്ച് പരിഹാരം നിര്‍ദേശിക്കുന്നതില്‍ പങ്കാളികളാകാന്‍ അവസരം നല്‍കും.www.vaigaagrihack.in ലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജനുവരി 31 വരെ പ്രോബ്ലം സ്റ്റേറ്റ്‌മെന്റുകള്‍ തിരഞ്ഞെടുത്ത് അവയ്ക്കുളള പരിഹാരം നിര്‍ദ്ദേശിക്കാം. രണ്ടു മുതല്‍ അഞ്ചുപേര്‍ വരെ അടങ്ങുന്നതായിരിക്കും ഒരു ടീം. വിദഗ്ധരടങ്ങുന്ന ജൂറി പാനല്‍ ഏറ്റവും മികച്ച 20 ടീമുകളെ വീതം ഓരോ വിഭാഗത്തില്‍നിന്നും തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ക്ക് ഫെബ്രുവരി 11 മുതല്‍ 13 വരെ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കാം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കും.

